വിമാനങ്ങൾ എയർപോർട്ടിൽ നേർക്കു നേർ

ന്യൂഡൽഹി ∙ വിശാഖപട്ടണത്തിനുള്ള ഇൻഡിഗോ വിമാനം റൺവേയും മറികടന്നു ചെന്നത് അബുദാബിക്കുള്ള ജെറ്റ് എയർവേയ്സ് വിമാനത്തിനടുത്തേക്ക്. കൂട്ടിയിടി ഒഴിവാക്കാൻ ഇരു പൈലറ്റുമാരും ബ്രേക്കിട്ടതിനാൽ അപായം ഒഴിവായെങ്കിലും അനേകം വിമാന സർവീസുകൾ ഇതുമൂലം വൈകി. തുടർന്ന് അന്വേഷണം തീരുംവരെ ഇരു പൈലറ്റുമാരെയും ജോലിയിൽനിന്നു മാറ്റിനിർത്തി.

പുലർച്ചെ 5.40ന് ആയിരുന്നു സംഭവം. പുറപ്പെടാൻ തയാറായി നിന്ന ഇൻഡിഗോയിൽ 81 യാത്രക്കാരും ജെറ്റ് എയർവേയ്സിൽ 142 യാത്രക്കാരുമാണുണ്ടായിരുന്നത്. ഇൻഡിഗോ വിമാനം സി ലെയ്നിലും ജെറ്റ് എയർവേയ്സ് വിമാനം ഡബ്ള്യു ലെയ്നിലുമാണ് പുറപ്പെടാനായി നിലയുറപ്പിച്ചിരുന്നത്.

കാഴ്ചക്കുറവു മൂലം ലെയ്ൻ വിട്ട് റൺവേയും കടന്ന് ഇൻഡിഗോ വിമാനം അടുത്ത ലെയ്നിലെത്തുകയായിരുന്നു. വഴിതെറ്റിയെത്തിയ വിമാനത്തെ വലിച്ചുനീക്കാൻ വാഹനമില്ലാതിരുന്നതിനാൽ പ്രധാന റൺവേയിൽ നിന്നുള്ള സർവീസ് ഒരു മണിക്കൂറോളം മുടങ്ങി. ഇവിടെ ഇറങ്ങാനെത്തിയ വിമാനങ്ങളും തിരിച്ചുവിട്ടു.