ധോണിയുടെ വിഷ്ണുവേഷം: കേസ് സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി ∙ ഭഗവാൻ വിഷ്‌ണുവിനെപ്പോലെ വേഷം ധരിച്ചുള്ള ചിത്രത്തിലൂടെ മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്‌ടൻ മഹേന്ദ്ര സിങ് ധോണിക്കെതിരെ ആന്ധ്രയിലെ അനന്തപൂരിൽ സിവിൽ കോടതിയിലുള്ള കേസ് സുപ്രീം കോടതി റദ്ദാക്കി. ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. വിഷ്‌ണുവേഷത്തിൽ ധോണിയുടെ ചിത്രം 2013ൽ ഒരു ബിസിനസ് മാസികയാണ് പ്രസിദ്ധീകരിച്ചത്.

ചിത്രം മതവികാരം വൃണപ്പെടുത്തുന്നതാണെന്ന പേരിൽ ബെംഗളുരു ചീഫ് മെട്രോപൊലിറ്റൻ മജിസ്‌ട്രേട്ട് കോടതിയിലുണ്ടായിരുന്ന കേസ് നേരത്തെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതേ വിഷയത്തിലാണ് അനന്തപൂർ കോടതിയിലും ധോണിക്കും പത്രാധിപർക്കുമെതിരെ നടപടികളുണ്ടായത്. കംപ്യൂട്ടർ ഗ്രാഫിക്‌സ് ഉപയോഗിച്ചുള്ള ചിത്രീകരണത്തിൽ ധോണിക്കു പങ്കില്ലെന്ന് ഹർജിക്കാരനുവേണ്ടി ലിസ് മാത്യു വാദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295–എ വകുപ്പുപ്രകാരമുള്ള കുറ്റമുണ്ടായിട്ടില്ലെന്നും അഭിഭാഷക വ്യക്‌തമാക്കി.

വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും ബോധപൂർവം മതവികാരം വൃണപ്പെടുത്തുന്നതു സംബന്ധിച്ചതാണ് 295എ വകുപ്പ്. ഈ വാദത്തോടു കോടതി യോജിച്ചു. മനഃപൂർമല്ലാതെയോ അബദ്ധത്തിലോ മതവികാരം വൃണപ്പെടുത്തുന്നത് 295എ വകുപ്പിന്റെ പരിധിയിൽ വരില്ല. നടപടി മനഃപൂർവമായിരിക്കണം – കോടതി ചൂണ്ടിക്കാട്ടി.