ഭോപാൽ ∙ അങ്ങ് ഡൽഹിയിൽ അദ്ദേഹം ലോക്സഭാംഗം. ഇങ്ങ് ഭോപ്പാലിൽ സംസ്ഥാന മന്ത്രി! അദ്ഭുതപ്പെടേണ്ട, അങ്ങനെയും ഒരാളുണ്ട് – മധ്യപ്രദേശിലെ ആദിവാസിക്ഷേമ മന്ത്രി ഗ്യാൻ സിങ്. രണ്ടു പദവികൾ ഒരുമിച്ചു വഹിക്കുന്ന രാജ്യത്തെ ഒരേയൊരു നേതാവ്.
സംസ്ഥാനത്തു മന്ത്രിയായിരിക്കെ കഴിഞ്ഞ ഡിസംബറിൽ മധ്യപ്രദേശിലെ ഷഹ്ദോളിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി അദ്ദേഹത്തെ നിർബന്ധിച്ചു സ്ഥാനാർഥിയാക്കി. വിജയിച്ച് എംപിയായെങ്കിലും മന്ത്രിസ്ഥാനം രാജിവച്ചില്ല.
എന്നാൽ, എംപിയായി സത്യപ്രതിജ്ഞ ചെയ്തതോടെ സംസ്ഥാന നിയമസഭയിലെ അംഗത്വം നഷ്ടപ്പെട്ടു. എന്നാൽ, ആറുമാസം വരെ എംഎൽഎ അല്ലെങ്കിലും മന്ത്രിയായിത്തുടരാം എന്ന വ്യവസ്ഥയുടെ ഒഴിവുകഴിവിൽ കക്ഷി ഭരണം നടത്തുന്നു.
ഇതിനിടെ, താൻ ഒഴിഞ്ഞ നിയമസഭാസീറ്റിൽ മകൻ ശിവ്നാരായൺ സിങ്ങിനെ നിർത്തി വിജയിപ്പിക്കുകയും ചെയ്തു ഗ്യാൻസിങ്. ഇപ്പോഴും മധ്യപ്രദേശിലെ കാബിനറ്റ് യോഗങ്ങളിൽ അദ്ദേഹം പങ്കെടുക്കാറുണ്ട്. മകനെ മന്ത്രിയാക്കിയാൽ രാജിവയ്ക്കാമെന്നാണത്രേ ഗ്യാൻസിങ്ങിന്റെ നിലപാട്.