ഭോപ്പാൽ∙ ലോക്സഭാംഗമായിരിക്കെ മധ്യപ്രദേശിൽ സംസ്ഥാന മന്ത്രിപദവും വഹിച്ച ഗ്യാൻ സിങ് മന്ത്രിസ്ഥാനം രാജിവച്ചു. മധ്യപ്രദേശിലെ ആദിവാസിക്ഷേമ മന്ത്രിയായിരിക്കെ ഗ്യാൻ സിങ്ങിനെ കഴിഞ്ഞ ഡിസംബറിൽ മധ്യപ്രദേശിലെ ഷഹ്ദോളിൽ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപി നിർബന്ധിച്ചു സ്ഥാനാർഥിയാക്കുകയായിരുന്നു.
വിജയിച്ച് എംപിയായെങ്കിലും മന്ത്രിസ്ഥാനം രാജിവച്ചില്ല. എംപിയായി സത്യപ്രതിജ്ഞ ചെയ്തതോടെ സംസ്ഥാന നിയമസഭയിലെ അംഗത്വം നഷ്ടപ്പെട്ടെങ്കിലും ആറുമാസം വരെ എംഎൽഎ അല്ലെങ്കിലും മന്ത്രിയായിത്തുടരാം എന്ന വ്യവസ്ഥയുടെ ഒഴിവുകഴിവിൽ മന്ത്രിസ്ഥാനം വഹിക്കുകയായിരുന്നു. ആറുമാസ കാലാവധി ഈ മാസം തീരും.
ഇന്നലെ മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെ സന്ദർശിച്ച് ഗ്യാൻ സിങ് രാജി നൽകി. ഗ്യാൻ സിങ് ഒഴിഞ്ഞ നിയമസഭാസീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ മകൻ ശിവ്നാരായൺ സിങ്ങാണ് ജയിച്ചത്. മകനെ മന്ത്രിയാക്കണമെന്നതാണ് ഗ്യാൻ സിങ്ങിന്റെ ആവശ്യം.