മോദി ഇന്ന് കസഖ്സ്ഥാനിൽ; നവാസ് ഷരീഫുമായി കൂടിക്കാഴ്ചയുണ്ടാവില്ല

ന്യൂഡൽഹി∙ ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കസഖ്‌സ്ഥാനിലെ അസ്താനയിലെത്തും. മധ്യേഷ്യൻ രാജ്യങ്ങളുടെ രാഷ്ട്രീയ, സാമ്പത്തിക, സൈനിക സഖ്യമായ എസ്‌സിഒയിൽ ഇന്ത്യയ്ക്കു സ്ഥിരാംഗത്വം നൽകുന്ന പ്രഖ്യാപനം ഇത്തവണ ഉണ്ടാകുമെന്നാണു പ്രതീക്ഷ.

പാക്കിസ്ഥാനും സ്ഥിരാംഗത്വം അനുവദിച്ചേക്കും. ഇതോടെ സഖ്യത്തിൽ എട്ടു രാജ്യങ്ങളാകും. ചൈന, കസഖ്‌സ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, തജിക്കിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണു മറ്റ് അംഗങ്ങൾ. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ, നരേന്ദ്രമോദി–നവാസ് ഷെരീഫ് കൂടിക്കാഴ്ച ഉണ്ടാകില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം നൽകുന്ന സൂചന.

റഷ്യയുടെയും ചൈനയുടെയും നേതൃത്വത്തിലുള്ള എസ്‌സിഒ അംഗത്വം ലഭിക്കുന്നതിന്റെ ഭാഗമായി 38 രേഖകളിൽ ഇന്ത്യ ഒപ്പുവച്ചതായി വിദേശകാര്യ (യുറേഷ്യ) ജോയന്റ് സെക്രട്ടറി ജി.വി.ശ്രീനിവാസ് അറിയിച്ചു. ശനിയാഴ്ച രാവിലെ പ്രധാനമന്ത്രി തിരിച്ചെത്തും.