പഴയ നോട്ടുകൾ മാറിയെടുക്കാൻ ഒരവസരം കൂടി പരിഗണിക്കണം: സുപ്രീംകോടതി

ന്യൂഡൽഹി∙ അസാധുവാക്കിയ 500, 1000 രൂപ നോട്ടുകൾ സമയപരിധിക്കുള്ളിൽ മാറിയെടുക്കാൻ കഴിയാതിരുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കുന്ന കാര്യം കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പരിഗണിക്കണമെന്നു സുപ്രീം കോടതി. രോഗം ഉൾപ്പെടെയുള്ള ന്യായമായ കാരണങ്ങൾ മൂലം പഴയനോട്ട് മാറിയെടുക്കാൻ സാധിക്കാതിരുന്നവർക്ക് ഒരവസരം കൂടി നൽകുന്നതു പരിഗണിക്കാനാണു നിർദേശം.

നോട്ട് മാറിയെടുക്കാൻ സമയം അനുവദിച്ച കാലത്തു ജയിലിലായിരുന്നവർ എന്തു ചെയ്യുമെന്നും കോടതി ചോദിച്ചു. അവരുടേതല്ലാത്ത കാരണത്താ‍ൽ ആരുടെയും പണം നഷ്ടപ്പെടരുതെന്നു ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ന്യായവും യഥാർഥവുമായ കാരണങ്ങൾ മൂലം, പഴയ നോട്ട് മാറിയെടുക്കാൻ സാധിക്കാതിരുന്നവർക്കു പണനഷ്ടം വരുത്താൻ കേന്ദ്രത്തിന് അധികാരമില്ലെന്നും കോടതി പറഞ്ഞു.

കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ, വ്യക്തികേന്ദ്രിതമായ നയങ്ങൾക്കുള്ള ബുദ്ധിമുട്ടിനെപ്പറ്റി ആദ്യം വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും പിന്നീടു സർക്കാരിന്റെ അഭിപ്രായം തേടാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. സുധ മിശ്ര ഉൾപ്പെടെയുള്ളവരുടെ ഹർജിയിലാണ് കോടതി വാദം കേട്ടത്.

നോട്ട് മാറാൻ ഇനിയും അവസരമൊരുക്കില്ലെന്നു സർക്കാർ നേരത്തേ വ്യക്തമാക്കിയിരുന്നു.