ന്യൂഡൽഹി ∙ കശ്മീർ പ്രശ്നത്തിനു വെടിയുണ്ടയും വാഗ്വാദവുമല്ല, ആലിംഗനമാണു പരിഹാരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഭൂമിയിലെ സ്വർഗമെന്ന കശ്മീരിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചെങ്കോട്ടയിൽ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
കശ്മീരിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതു ചെറുന്യൂനപക്ഷമാണ്. ഭീകരതയ്ക്കെതിരെ മൃദു സമീപനമുണ്ടാകില്ല. കശ്മീർ ജനതയുടെ വികസന സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാൻ സംസ്ഥാന സർക്കാർ മാത്രമല്ല, രാജ്യമൊട്ടാകെ ഒപ്പമുണ്ടാകും. വിശ്വാസത്തിന്റെ പേരിലുള്ള അക്രമങ്ങൾ അംഗീകരിക്കാനാകില്ലെന്നും ജാതീയതയും വർഗീയതയും വിഷങ്ങളാണെന്നും മോദി പറഞ്ഞു. യുപിയിലെ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവവും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ പ്രകൃതി ക്ഷോഭ ദുരിതങ്ങളും കാരണം ദുഃഖാർത്തരായ കുടുംബങ്ങൾക്കൊപ്പമാണു രാജ്യം.
രാജ്യസുരക്ഷയ്ക്കെതിരായ ഭീഷണകളെ നേരിടാൻ സൈന്യം സർവസജ്ജമാണെന്നും ചൈനയുമായുള്ള അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മോദി പറഞ്ഞു.
ഹ്രസ്വ പ്രസംഗം ; 57 മിനിറ്റ്
ചെങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയത് അദ്ദേഹത്തിന്റെ ഏറ്റവും ഹ്രസ്വമായ സ്വാതന്ത്ര്യദിന പ്രസംഗം. 57 മിനിറ്റായിരുന്നു പ്രസംഗം. ചെങ്കോട്ടയിൽ പ്രധാനമന്ത്രിമാർ നടത്തിയ പ്രസംഗങ്ങളിലെ റെക്കോർഡായിരുന്നു കഴിഞ്ഞ വർഷം നടത്തിയ 96 മിനിറ്റ് പ്രസംഗം. ആദ്യ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു നടത്തിയ 72 മിനിറ്റ് പ്രസംഗമായിരുന്നു 2015 വരെ റെക്കോർഡ്.
സൂക്ഷ്മപരിശോധനയിൽ 1.75 ലക്ഷം കോടി രൂപ
കറൻസി അസാധുവാക്കൽ നടപടിക്കുശേഷം ബാങ്കുകളിൽ നിക്ഷേപിക്കപ്പെട്ട തുകയിൽ 1.75 ലക്ഷം കോടി രൂപ കള്ളപ്പണമാണോയെന്ന സൂക്ഷ്മ പരിശോധനയിലാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി വെളിപ്പെടുത്തി. 18 ലക്ഷത്തിലേറെ പേരുടെ കണക്കിൽ കവിഞ്ഞ വരുമാനം സർക്കാർ പരിശോധിച്ചുവരുന്നു. രണ്ടു ലക്ഷം കോടിയിലേറെ കള്ളപ്പണമാണു നടപടിയെ തുടർന്നു ബാങ്കുകളിലെത്തിയത്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവരുടെ സംഖ്യ ഇരട്ടിയായി 56 ലക്ഷത്തിലെത്തിയെന്നും മോദി പറഞ്ഞു.