ന്യൂഡൽഹി ∙ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പുതിയ ചെയർമാനായി എക്സ്പ്രസ് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ വിവേക് ഗോയങ്കയെ തിരഞ്ഞെടുത്തു. നിലവിലുള്ള ചെയർമാൻ മലയാള മനോരമയുടെ സീനിയർ അസിസ്റ്റന്റ് എഡിറ്റർ റിയാദ് മാത്യു ഒഴിയുന്ന സ്ഥാനത്തേക്കാണിത്. ദ് ഹിന്ദുവിന്റെ മുൻ എഡിറ്റർ ഇൻ ചീഫ് എൻ. രവിയെ വൈസ് ചെയർമാനായി തിരഞ്ഞെടുത്തു.
ഇന്ത്യൻ ന്യൂസ്പേപ്പർ സൊസൈറ്റിയുടെ ഡയറക്ടറും അഡ്വർടൈസിങ് അസോസിയേഷന്റെ ഇന്ത്യ ചാപ്റ്റർ അംഗവുമാണ് അറുപതുകാരനായ വിവേക് ഗോയങ്ക. എൻജിനീയറിങ് ബിരുദധാരിയായ വിവേക് ഗോയങ്ക മികച്ച വന്യജീവി ഫൊട്ടോഗ്രഫറുമാണ്. ദ് ഹിന്ദു പ്രസിദ്ധീകരിക്കുന്ന കസ്തൂരി ആൻഡ് സൺസ് ലിമിറ്റഡിന്റെ ഡയറക്ടറാണ് എൻ. രവി.
പിടിഐ ബോർഡിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ– മഹേന്ദ്ര മോഹൻ ഗുപ്ത (ദൈനിക് ജാഗരൺ), കെ.എൻ. ശാന്തകുമാർ (ഡെക്കാൻ ഹെറൾഡ്), വിനീത് ജെയിൻ (ടൈംസ് ഓഫ് ഇന്ത്യ), അവീക് കുമാർ സർക്കാർ (ആനന്ദ് ബസാർ പത്രിക), എംപി വീരേന്ദ്രകുമാർ (മാതൃഭൂമി), ആർ. ലക്ഷ്മീപതി (ദിനമലർ), വിജയ്കുമാർ ചോപ്ര (ദ് ഹിന്ദ് സമാചാർ ലിമിറ്റഡ്), രാജീവ് വർമ (ഹിന്ദുസ്ഥാൻ ടൈംസ്), ഹോർമുസ്ജി എൻ. കാമ (ബോംബെ സമാചാർ), ജസ്റ്റിസ് ആർ.സി. ലഹോട്ടി, ദീപക് നയ്യാർ, ശ്യാം ശരൺ, ജെ.എഫ്. പോച്ച്ഖാനാവാല.