സോളിസിറ്റർ ജനറൽ രഞ്‌ജിത് കുമാർ രാജിവച്ചു

രഞ്‌ജിത് കുമാർ

ന്യൂഡൽഹി ∙ സോളിസിറ്റർ ജനറൽ (എസ്‌ജി) രഞ്‌ജിത് കുമാർ രാജിവച്ചു. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിവയ്‌ക്കുന്നുവെന്നാണു കത്തിൽ വ്യക്‌തമാക്കിയത്. അഡിഷനൽ സോളിസിറ്റർ (എഎസ്‌ജി) ജനറൽ തുഷാർ മേത്ത, എസ്‌ജി ആയേക്കുമെന്നാണു സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്തിന്റെ നിയമ ഓഫിസർ സ്‌ഥാനങ്ങളിൽ രണ്ടാമത്തേതാണു സോളിസിറ്റർ ജനറൽ. കേന്ദ്ര സർക്കാരിനു നിയമോപദേശം നൽകുക, സർക്കാരിനുവേണ്ടി ഹാജരാകുക തുടങ്ങിയവയാണു പ്രധാന ചുമതലകൾ.

2014 ജൂണിൽ സ്‌ഥാനമേറ്റ രഞ്‌ജിത് കുമാർ, കഴിഞ്ഞ ജൂണിൽ മൂന്നു വർഷം കാലാവധി തികച്ചു. കാലാവധി പുതുക്കിയെങ്കിലും എത്ര നാളത്തേക്കെന്നു വ്യക്‌തമാക്കാതിരുന്നതു രഞ്‌ജിത് കുമാറിന് അനിഷ്‌ടമുണ്ടാക്കിയെന്നു സൂചനയുണ്ട്. അറ്റോർണി ജനറൽ പദവിയിൽനിന്നു മുകുൾ റോഹത്‌ഗി കഴിഞ്ഞ ജൂണിൽ രാജിവച്ചിരുന്നു. വ്യക്‌തിപരമായ കാരണങ്ങളാൽ രാജിവയ്‌ക്കുന്നുവെന്നായിരുന്നു അദ്ദേഹവും പറഞ്ഞത്. തുടർന്നു കെ.കെ.വേണുഗോപാൽ അറ്റോർണി ജനറലായി.

റോഹത്‌ഗിയും രഞ്‌ജിത് കുമാറും കേന്ദ്ര ധനമന്ത്രി അരുൺ ജയ്‌റ്റ്‌ലിയുമായി അടുപ്പമുള്ളവരാണ്. ബിജെപി നേതൃത്വവുമായി അടുപ്പമുള്ളയാളാണ് എഎസ്‌ജി തുഷാർ മേത്ത. ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകനുവേണ്ടി കോടതിയിൽ ഹാജരാകാൻ ഇദ്ദേഹത്തിന് ഈയിടെ നിയമമന്ത്രാലയം അനുമതി നൽകിയിരുന്നു. സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെടുന്നതിനു രഞ്‌ജിത് കുമാറിനെ പരിഗണിക്കുന്നതായി ശ്രുതിയുണ്ടായിരുന്നു. എന്നാൽ, ഇദ്ദേഹത്തിന്റെ പേരു കൊളീജിയത്തിന്റെ പരിഗണനയ്‌ക്കു വന്നിട്ടില്ലെന്നാണു ജുഡീഷ്യറി വൃത്തങ്ങൾ പറയുന്നത്.

ജഡ്‌ജിയായി പരിഗണിക്കപ്പെടണമെങ്കിൽ എസ്‌ജി സ്‌ഥാനം രാജിവയ്‌ക്കേണ്ടതുമില്ല. കുടുംബത്തിലെ ചിലരുടെ ആരോഗ്യപ്രശ്‌നങ്ങളിൽ ശ്രദ്ധിക്കാൻ ഇനി കൂടുതൽ സമയം ലഭിക്കുമെന്നും എസ്‌ജിയായുള്ള പ്രവർത്തനത്തിൽ സംതൃപ്‌തനായിരുന്നുവെന്നും രാജിവച്ചതിനുശേഷം രഞ്‌ജിത് കുമാർ പറഞ്ഞു. രഞ്‌ജിത് കുമാറിനു പുറമേ, ചില എഎസ്‌ജിമാരും സ്‌ഥാനമൊഴിയാൻ സാധ്യതയുണ്ട്. നിയമമന്ത്രി രവിശങ്കർ പ്രസാദ് ഇപ്പോൾ ഡൽഹിയിലില്ല. അദ്ദേഹം മടങ്ങിയെത്തിയാലുടനെ രഞ്‌ജിത് കുമാറിന്റെ രാജിക്കത്തു പരിഗണിച്ചു തുടർനടപടികളെടുക്കും.