ജയ് ഷാ വിവാദത്തിൽ വീണ്ടും രാഹുൽ: ‘രാജകുമാരനെക്കുറിച്ച് മിണ്ടില്ല; മിണ്ടാൻ അനുവദിക്കുകയുമില്ല’

ന്യൂഡൽഹി ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ മകന്റെ കമ്പനിയുടെ വരുമാനം സംബന്ധിച്ച വിവാദത്തിൽ ബിജെപിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഒളിയമ്പ് വീണ്ടും. വാർത്ത പുറത്തുകൊണ്ടുവന്ന ‘വയർ’ ഓൺലൈൻ വാർത്താ പോർട്ടലിനോട് ഇതു സംബന്ധിച്ച വാർത്തകൾ കൊടുക്കരുതെന്നു കോടതി കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു.

കോടതി വാർത്ത പങ്കുവച്ചുകൊണ്ട്, രാഹുൽ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: ‘സുഹൃത്തുക്കളേ, രാജകുമാരനെക്കുറിച്ച് ഒന്നും പറയില്ല; ആരെയും പറയാൻ അനുവദിക്കുകയുമില്ല.’ വിവാദം ഉണ്ടായതു മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെ ചോദ്യംചെയ്തും പരിഹസിച്ചും രാഹുൽ ഒട്ടേറെ ട്വീറ്റുകൾ ചെയ്തിരുന്നു. അമിത് ഷായെ ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കംചെയ്യണമെന്നു കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. ബിജെപി അധികാരത്തിൽ വന്നശേഷം അമിത് ഷായുടെ മകൻ ജയ് ഷായുടെ കമ്പനികൾക്കു വൻ വിറ്റുവരവുണ്ടായി എന്നായിരുന്നു വാർത്ത.