ഹൈദരാബാദ് ∙ ജീവിതത്തോടു തോറ്റു മരണത്തിന്റെ മഹാനിദ്ര പുൽകാനൊരുങ്ങുന്നവരെ പുഞ്ചിരിയോടെ പിന്തിരിപ്പിച്ച വനിതയായിരുന്നു, സന ഇക്ബാൽ എന്ന സാഹസിക ബൈക്ക് റൈഡർ. യുവതലമുറയിലെ ആത്മഹത്യാ പ്രവണതയ്ക്കെതിരെ പോരാടിയ സന, തെലങ്കാനയിൽ വാഹനാപകടത്തിൽ മരിച്ചതിലെ ദുരൂഹത പുതിയ വിവാദത്തിനു തിരികൊളുത്തുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ഭർത്താവ് അബ്ദുൽ നദീമുമൊത്തു യാത്ര ചെയ്യുമ്പോഴാണു ടോളിചൗക്കിയിൽ കാർ മീഡിയനിലേക്ക് ഇടിച്ചുകയറി സന (29) മരിച്ചത്. അപകടത്തിൽ അബ്ദുൽ നദീമിനും ഗുരുതര പരുക്കേറ്റിരുന്നു. എന്നാൽ, മകളെ അപകടത്തിൽപ്പെടുത്തി കൊലപ്പെടുത്തിയതാണെന്നും നദീമും വീട്ടുകാരുമാണ് ഇത് ആസൂത്രണം ചെയ്തതെന്നും സനയുടെ അമ്മ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു. ‘ഭർത്താവും കുടുംബവും എന്റെ ജീവനു പിന്നാലെയാണ്. ഞാൻ ഹൃദയാഘാതമോ മസ്തിഷ്കാഘാതമോ മൂലം മരിച്ചാൽ ഉത്തരവാദികൾ അവർ മാത്രമായിരിക്കും’– സന കൂട്ടുകാർക്ക് അയച്ച എസ്എംഎസ് ദൂരുഹത വർധിപ്പിക്കുന്നു.
സ്കൂൾ വിദ്യാർഥിയായിരിക്കേ ബൈക്ക് ഓടിക്കാൻ പഠിച്ച സന, ഹാർലി ഡേവിഡ്സൻ ഉൾപ്പെടെ കരുത്തുറ്റ ബൈക്കുകളുടെ ആരാധികയായിരുന്നു. ആത്മഹത്യ ചെയ്യാൻ സ്വന്തം ബൈക്കുമായി ഗുജറാത്തിലേക്കു ‘പറന്ന്’ എതിരെയെത്തിയ വണ്ടിയിൽ ഇടിപ്പിച്ചുകയറ്റിയ തീവ്രവിഷാദനാളുകളെ മറികടന്നാണു സന ‘പോസിറ്റീവ്’ ചിന്തയുടെ വക്താവായത്. പിന്നീടു സോഷ്യോളജിയിൽ ബിരുദം നേടി ആത്മഹത്യയ്ക്കെതിരെ പ്രവർത്തിച്ചു. പ്രചോദനാത്മക പ്രസംഗകലയിൽ മിടുക്കിയായി ക്ലാസുകൾ നയിച്ചു. ആത്മഹത്യയ്ക്കെതിരായ സന്ദേശവുമായി ബൈക്കിൽ ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ പര്യടനം നടത്തിയ സന കേരളത്തിലുമെത്തിയിരുന്നു.