5,000 കോടി രൂപ; കേയി റുബാത്ത് നഷ്ടപരിഹാരത്തുക നാട്ടിലേക്ക്

ന്യൂഡൽഹി∙ തലശ്ശേരിയിലെ കേയി കുടുംബാംഗമായ സി.വി. മായിൻകുട്ടി കേയി ഹജ് തീർഥാടകർക്കായി മക്കയിൽ 1870ൽ നിർമിച്ച അതിഥിമന്ദിരം (കേയി റുബാത്ത്) സൗദി സർക്കാർ ഏറ്റെടുത്ത പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക ഇന്ത്യയിൽ എത്തിക്കാനുള്ള ശ്രമം കേന്ദ്രസർക്കാർ തുടങ്ങി. ഇതിന്റെ ഭാഗമായി സൗദി സർക്കാരുമായി ചർച്ച നടത്തിയതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി കേയി റുബാത്ത് ആക്‌ഷൻ കമ്മിറ്റിയെ അറിയിച്ചു. തുക കേയി തറവാട്ടിലെ അംഗങ്ങൾക്കുള്ളതാണെന്നും ഈ വിഷയത്തിൽ കേരള വഖഫ് ബോർഡിന്റെ നിലപാടു ശരിയല്ലെന്നും മന്ത്രിക്കു നൽകിയ നിവേദനത്തിൽ ആക്‌ഷൻ കമ്മിറ്റി വ്യക്തമാക്കി.

ഏകദേശം 5,000 കോടി രൂപയുടെ നഷ്ടപരിഹാരമാണു സൗദി സർക്കാരിലെ ഔഖാഫ് (മതകാര്യ) വകുപ്പിലുള്ളത്. സൗദി സർക്കാർ ഏറ്റെടുത്ത അതിഥിമന്ദിരം കേരള വഖഫ് സ്വത്തുക്കളുടെ ഭാഗമല്ലെന്നു നിവേദനത്തിൽ പറയുന്നു. ആക്‌ഷൻ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് വലിയകത്ത്, സെക്രട്ടറി കെ.പി. നിസാർ, ട്രഷറർ ബി.പി. മുസ്തഫ എന്നിവരാണ് കേന്ദ്രമന്ത്രിയെ കണ്ടത്.

കേരളത്തിൽ നിന്നു ഹജ്ജിനു പോകുന്നവർക്കു താമസസൗകര്യമായാണ് 1870ൽ മായിൻകുട്ടി കേയി അതിഥിമന്ദിരം നിർമിച്ചത്. 21 മുറികളുള്ള കെട്ടിടത്തിലെ 20 മുറികളിലും താമസം സൗജന്യമായിരുന്നു. ആഡംബര സൗകര്യങ്ങളുള്ള ഒരു മുറിയുടെ വാടകകൊണ്ടായിരുന്നു കെട്ടിടത്തിന്റെ സംരക്ഷണം. മക്കയുടെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി 1971ലാണു മന്ദിരം സൗദി സർക്കാർ പൊളിച്ചത്. പിന്നീടു പ്രഖ്യാപിച്ച 14 ലക്ഷം സൗദി റിയാൽ നഷ്ടപരിഹാരത്തുകയുടെ അവകാശികളെ കണ്ടെത്താനായി 2013ൽ സംസ്ഥാന സർക്കാർ നോഡൽ ഓഫിസറെ നിയമിച്ചിരുന്നു.

മായിൻകുട്ടി കേയി: സമർപ്പിത ജീവിതം

ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി വ്യാപാരബന്ധമുണ്ടായിരുന്ന തലശ്ശേരിയിലെ സുഗന്ധവ്യഞ്ജന വ്യാപാരി ആലൂപ്പികാക്കയുടെ പിൻതലമുറക്കാരാണു കേയി കുടുംബം. ആലൂപ്പികാക്കയുടെ മരുമകൻ മൂസകാക്കയുടെ മരുമകനാണു മായിൻകുട്ടി കേയി. തലശേരിക്കു പുറമെ ആലപ്പുഴ, കോഴിക്കോട്, മംഗലാപുരം, ബോംബെ, കണ്ണൂർ എന്നിവിടങ്ങളിൽ ഇവർക്കു പണ്ടികശാലകളുണ്ടായിരുന്നു. എന്നാൽ വ്യാപാരത്തിലല്ല, എഴുത്തിലും വായനയിലുമായിരുന്നു മായിൻകുട്ടിക്കു താൽപര്യം. കണ്ണൂർ ജില്ലയിലെ പലയിടത്തും മായിൻകുട്ടി പള്ളികൾ സ്‌ഥാപിച്ചു. പള്ളിയോടു ചേർന്നുള്ള സ്‌ഥലങ്ങൾ ദാനമായി നൽകി. വിശുദ്ധ ഖുർആനിന് അറബിമലയാളത്തിൽ വ്യാഖ്യാനം തയാറാക്കി. 1870ൽ മക്കയിൽ കേയി റുബാത്ത് സ്ഥാപിച്ചു.