ചൂടാറും മുൻപേ രണ്ടായിരത്തിനും വ്യാജനിറങ്ങി

ന്യൂഡൽഹി ∙ പുതിയ 2000 രൂപയുടെ നോട്ടിറങ്ങി തൊട്ടുപിന്നാലെ വ്യാജനുമിറങ്ങിയെന്നു രേഖകൾ. നോട്ട് നിരോധനത്തിനു ശേഷം 2016 ഡിസംബർ 31 വരെയുള്ള 53 ദിവസങ്ങളിൽ മാത്രം രാജ്യത്തു പിടികൂടിയതു രണ്ടായിരത്തിന്റെ 2272 വ്യാജനോട്ടുകളാണെന്നു ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോ രേഖകൾ പറയുന്നു.

കള്ളനോട്ടുകൾ തടയുക കൂടി ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 നവംബർ എട്ടിനായിരുന്നു ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് നിരോധിച്ചത്. പിന്നാലെ പുതിയ 2000ത്തിന്റെ നോട്ടിറങ്ങി. ജനം പുതിയ നോട്ടിനു വേണ്ടി ബാങ്കുകളിലും എടിഎമ്മിലും ക്യൂ നിൽക്കുമ്പോഴായിരുന്നു വ്യാജന്റെ വിലസൽ. പുതിയ 2000ത്തിന്റെ നോട്ടുകളിൽ ഏറെയും പിടികൂടിയതു ഗുജറാത്തിൽ നിന്നായിരുന്നു–1300.

പ​ഞ്ചാബ്–548, കർണാടക–25, മഹാരാഷ്ട്ര–27, ആന്ധ്ര, അരുണാചൽ–മൂന്നുവീതം, ജമ്മു–കശ്മീർ, കേരള–രണ്ടുവീതം, മണിപ്പുർ, ഒഡീഷ–ഒന്നുവീതം എന്നിങ്ങനെയായിരുന്നു നോട്ട് പിടികൂടിയത്.