‘കോടതി കുപ്പത്തൊട്ടിയല്ല’: കേന്ദ്രത്തിന് സുപ്രീം കോടതി വിമർശനം

ന്യൂഡൽഹി ∙ മാലിന്യം കൊണ്ടുവന്നു തട്ടാനുള്ള കുപ്പത്തൊട്ടിയല്ലിതെന്നു കേന്ദ്രത്തോടു സുപ്രീം കോടതി. ഖരമാലിന്യ സംസ്കരണത്തിനുള്ള നടപടികൾ രാജ്യത്തുടനീളം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 845 പേജുള്ള ഭീമൻ സത്യവാങ്മൂലം സമർപ്പിച്ചതാണു കോടതിയെ ചൊടിപ്പിച്ചത്. സത്യവാങ്മൂലത്തിലെ വിവരങ്ങൾ അപൂർണമാണെന്നു കണ്ടെത്തിയതോടെ, അതിനെ മാലിന്യത്തോട് ഉപമിച്ചു കോടതി രൂക്ഷ ഭാഷയിൽ വിമർശിച്ചു.

കഴമ്പില്ലാത്ത സത്യവാങ്മൂലം സ്വീകരിക്കുന്നില്ലെന്നും കേന്ദ്രത്തിന്റെ പക്കലുള്ള അനാവശ്യ വസ്തുക്കൾ തങ്ങളുടെ മേൽ കെട്ടിവയ്ക്കാമെന്നു കരുതേണ്ടെന്നും ജസ്റ്റിസുമാരായ മദൻ ബി. ലോക്കൂർ, ദീപക് ഗുപ്ത എന്നിവരുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. വസ്തുതകളില്ലാത്ത സത്യവാങ്മൂലം സമർപ്പിച്ചിട്ട് എന്താണു കാര്യം? ഇതുവഴി സർക്കാർ എന്താണു ലക്ഷ്യമിടുന്നത്? കോടതിയെ പ്രീതിപ്പെടുത്താനാണു ശ്രമമെങ്കിൽ വെറുതെയാണ്. ​ഞങ്ങൾ മാലിന്യം ശേഖരിക്കാനിരിക്കുന്നവരല്ല – കോടതി ചൂണ്ടിക്കാട്ടി. 

ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശക സമിതിക്കു രൂപം നൽകിയ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പട്ടിക മൂന്നാഴ്ചയ്ക്കകം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു. ഉപദേശക സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് 22 സംസ്ഥാനങ്ങൾ മറുപടി നൽകിയിട്ടുണ്ടെന്നും അക്കാര്യം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ വസീം എ. ഖദ്രി അറിയിച്ചു. 

2000ലും പിന്നീട് 2016ലും ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ടു ചട്ടങ്ങൾക്കു രൂപം നൽകിയിട്ടും അവ ഫലപ്രദമായി പാലിക്കപ്പെടാത്തതിനെ കോടതി ചോദ്യം ചെയ്തു. നേരിട്ടുള്ള അധികാരത്തിൽ വരുന്ന കേന്ദ്രഭരണ പ്രദേശങ്ങളിൽ പോലും സ്വന്തം ചട്ടങ്ങൾ നടപ്പാക്കാൻ സർക്കാരിനു കഴിയാത്ത സ്ഥിതിയാണെന്നും വിമർശിച്ചു.