കേന്ദ്ര സാഹിത്യ അക്കാദമി: ബിജെപി നീക്കം പാളി; കമ്പാർ പ്രസിഡന്റ്

ചന്ദ്രശേഖര കമ്പാർ

ന്യൂഡൽഹി∙ പ്രശസ്ത കന്നഡ സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാര ജേതാവുമായ ചന്ദ്രശേഖര കമ്പാർ കേന്ദ്ര സാഹിത്യ അക്കാദമി പ്രസിഡന്റ്. ബിജെപി അനുകൂല സംഘടനകളുടെ പിന്തുണയോടെ മൽസരിച്ച ഒഡിയ സാഹിത്യകാരി ഡോ. പ്രതിഭ റായിയെ പരാജയപ്പെടുത്തിയാണ് എൺപത്തൊന്നുകാരനായ കമ്പാർ അക്കാദമിയുടെ തലപ്പത്ത് എത്തിയത്. കഴിഞ്ഞ ഭരണസമിതിയിൽ വൈസ് പ്രസിഡന്റായിരുന്നു.

കവി പ്രഭാവർമ മലയാളത്തിൽ നിന്നുള്ള പ്രതിനിധിയായി അക്കാദമി എക്സിക്യൂട്ടീവ് കൗൺസിലിലെത്തി. തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖര കമ്പാറിനു 56 വോട്ട് ലഭിച്ചപ്പോൾ, പ്രതിഭാ റായി 29 വോട്ട് നേടി. അക്കാദമി ഭരണസമിതിയിൽ പിടിമുറുക്കാനുള്ള സംഘപരിവാർ സംഘടനകളുടെ നീക്കത്തിനു തിരിച്ചടിയായി കമ്പാറിന്റെ ജയം. ചണ്ഡിഗഡ് സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്ന ഹിന്ദി സാഹിത്യകാരൻ മാധവ് കൗശിക്കാണു പുതിയ വൈസ് പ്രസിഡന്റ്.

പഞ്ചാബിൽ നിന്നുള്ള എഴുത്തുകാരനെ പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിപ്പിക്കാനായിരുന്നു സംഘപരിവാർ സംഘടനകളുടെ ആദ്യ ശ്രമമെങ്കിലും അതു പാളിയതോടെയാണു പ്രതിഭാ റായിക്കു പിന്തുണ നൽകാൻ തീരുമാനിച്ചത്. അധ്യക്ഷ സ്ഥാനത്തേക്കു മൽസരിച്ച മറാഠി എഴുത്തുകാരൻ ബാലചന്ദ്ര നെമാഡെയ്ക്കു ലഭിച്ചതു നാല് വോട്ട്. പ്രഭാവർമ, ബാലചന്ദ്രൻ വടക്കേടത്ത്, ഡോ. എൻ.അജിത്കുമാർ എന്നിവരാണു ജനറൽ കൗൺസിലിൽ മലയാള ഭാഷയെ പ്രതിനിധീകരിക്കുന്നത്. രാഷ്ട്രീയ ഭിന്നത കാരണം മൂവരും മൽസരിക്കുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല.

ബംഗാളിൽ നിന്നുള്ള അക്ബർ അഹമ്മദ്, അസമിൽ നിന്നുള്ള ദ്രുവ് ജ്യോതി ബോറ എന്നിവരാണു പ്രഭാ വർമയുടെ പേരു ശുപാർശ ചെയ്തത്. അദ്ദേഹത്തിനു കേരളത്തിൽ നിന്നുള്ള മറ്റു രണ്ടംഗങ്ങളുടെ പിന്തുണ ലഭിച്ചില്ലെന്നതും ശ്രദ്ധേയമായി. കേന്ദ്ര സാഹിത്യ അക്കാദമിയുടെ തലപ്പത്തെത്തുന്ന മൂന്നാമത്തെ കന്നഡ സാഹിത്യകാരനാണു ചന്ദ്രശേഖര കമ്പാർ. അക്കാദമിയുടെ ചരിത്രത്തിൽ ഇതു രണ്ടാം തവണയാണു പ്രസിഡന്റ് സ്ഥാനത്തേക്ക് വോട്ടെടുപ്പു വേണ്ടിവരുന്നത്.