ഇർഫാൻ ഖാന് അപൂർവ അർബുദം

മുംബൈ∙ ഇനി അഭ്യൂഹങ്ങൾ വേണ്ട, നടൻ ഇർഫാൻ ഖാൻ അറിയിച്ചു; ‘ എനിക്ക് അർബുദമാണ് – ന്യൂറോ എൻഡോക്രൈൻ ട്യൂമർ. ഇപ്പോൾ ചികിൽസയ്ക്കായി വിദേശത്ത്,’ പരിശോധനകളിൽ അപൂർവ രോഗത്തിന്റെ സാന്നിധ്യം കാണുന്നുണ്ടെന്നും സ്ഥിരീകരിച്ചാൽ അക്കാര്യം അറിയിക്കാമെന്നും മാർച്ച് അഞ്ചിനു സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ച അദ്ദേഹം തന്നെ ഇന്നലെ രോഗവിവരം പുറത്തുവിട്ടു.

‘ചുറ്റുമുള്ളവരുടെ സ്നേഹവും പിന്തുണയും എനിക്കു പ്രതീക്ഷ പകരുന്നു. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങൾ നമ്മെ പെട്ടെന്നു വളരാൻ സഹായിക്കും. ഏതാനും ദിവസങ്ങളായി ഞാനും ആ വഴിയിലാണ്. സുഖം പ്രാപിക്കട്ടെ എന്ന നിങ്ങളുടെ സന്ദേശങ്ങൾ ഇനിയും എനിക്ക് അയച്ചുകൊണ്ടിരിക്കൂ,’ സമൂഹമാധ്യമ സന്ദേശത്തിൽ പറയുന്നു.

രോഗവുമായി ബന്ധപ്പെട്ടു പ്രചരിച്ച അഭ്യൂഹങ്ങളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ‘ന്യൂറോ എന്നത് എല്ലായ്പോഴും തലച്ചോറുമായി ബന്ധമുള്ളതാണെന്നു കരുതേണ്ടതില്ല. ഗൂഗിളിൽ പരതുന്നതാണു രോഗത്തെക്കുറിച്ച് അറിയാനുള്ള എളുപ്പമാർഗം. അഭ്യൂഹങ്ങൾക്കു പിന്നാലെ പോകാതെ എന്റെ വാക്കുകൾക്കായി കാത്തിരുന്നവർക്കു നന്ദി. അവരോടു പറയട്ടെ, കൂടുതൽ കഥകൾ പങ്കുവയ്ക്കാൻ ഞാൻ തിരിച്ചുവരുമെന്നാണു പ്രതീക്ഷ.’

ഇർഫാനും ദീപിക പദുകോണും മുഖ്യവേഷങ്ങളിൽ എത്തുന്ന വിശാൽ ഭരദ്വാജ് ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റിവച്ചതായി ഫെബ്രുവരി അവസാനം അറിയിപ്പ് വന്നതു മുതൽ നടന്റെ രോഗത്തെക്കുറിച്ചു വിവിധ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇർഫാൻ മികച്ച പോരാളിയാണെന്നും ഈ വെല്ലുവിളിയെ അതിജീവിക്കാനാകുമെന്നാണു പ്രതീക്ഷയെന്നും ഭാര്യ സുപത സിക്ദറും കുറിച്ചു. 

ആരംഭ ദശയിൽ ഭേദമാക്കാം

വായ്, അന്നനാളം, ഉദരം, ചെറുകുടൽ തുടങ്ങിയവ ഉൾപ്പെടുന്ന ദഹനനാളം, ശ്വാസകോശം എന്നിങ്ങനെ വിവിധ അവയവങ്ങളി‍ൽ ന്യൂറോ എൻഡോക്രൈൻ ട്യൂമർ (എൻഇടി) ബാധിക്കാമെന്നു ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഓങ്കോളജി അസി. പ്രഫസർ ഡോ. സുനിൽകുമാർ പറയുന്നു. നാഡികളിലും ഹോർമോൺ ഉൽപാദന ഗ്രന്ഥികളിലുമാണ് അർബുദകോശങ്ങൾ ആദ്യം രൂപപ്പെടുക. തുടക്കത്തിലേ കണ്ടെത്തിയാൽ ചികിൽസിച്ചു ഭേദമാക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ പ്രതിവർഷം 10 ലക്ഷത്തിൽ‍ താഴെ ആളുകളെ ഇതു ബാധിക്കുന്നുവെന്നാണു വിവരം. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിനു പാൻക്രിയാസിൽ ന്യൂറോ എൻഡോക്രൈൻ ട്യൂമറായിരുന്നു.