ന്യൂഡൽഹി∙ വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യം – ‘പ്രധാനമന്ത്രി നരേന്ദ്രമോദി അന്നു പറഞ്ഞ ആ 15 ലക്ഷം രൂപ എപ്പോഴാണ് അക്കൗണ്ടിൽ വരിക?’ പ്രധാനമന്ത്രിയുടെ ഓഫിസ് നൽകിയ മറുപടി– ‘ചോദ്യം വിവരാവകാശ നിയമത്തിന്റെ പരിധിയിൽപ്പെടുന്നതല്ല.’ ഇന്ത്യക്കാർ വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം തിരികെ എത്തിക്കുമെന്നും ഓരോ പൗരന്റെയും അക്കൗണ്ടിൽ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്നും 2014 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മോദി വാഗ്ദാനം ചെയ്തെന്നു കാണിച്ച് മോഹൻകുമാർ ശർമ എന്നയാളാണു വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയത്.
പ്രധാനമന്ത്രി പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ ചില മാധ്യമങ്ങൾക്കു നോട്ടുനിരോധന വിവരം എങ്ങനെ ലഭിച്ചു എന്ന മറ്റൊരു ചോദ്യം ആർബിഐ മുന്നാകെയും അപേക്ഷയായി നൽകി. എന്നാൽ, ആർടിഐ വകുപ്പിൽ നിർവചിച്ചിട്ടുള്ള ‘വിവരങ്ങളുടെ’ പട്ടികയിൽ ഇതു പെടുന്നില്ലെന്നാണ് പിഎംഒയും ആർബിഐയും മറുപടി നൽകിയത്. ഈ മറുപടി തൃപ്തികരമല്ലെന്നു കാണിച്ചു കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചെങ്കിലും ആർടിഐ ആക്ടിലെ സെക്ഷൻ 2 എഫ് പ്രകാരമുള്ള യുക്തമായ മറുപടിയാണ് ഇതെന്ന് മുഖ്യ വിവരാവകാശ കമ്മിഷണർ ആർ.കെ. മാഥുറും ചൂണ്ടിക്കാട്ടി.