കാവേരി ജലം പങ്കിടാൻ കരട് പദ്ധതി; കേന്ദ്രത്തിന് കൂടുതൽ അധികാരം

ന്യൂഡൽഹി∙ കാവേരി നദിയിലെ വെള്ളം പങ്കുവയ്ക്കാനുള്ള കരട് പദ്ധതി കേന്ദ്ര സർക്കാർ സുപ്രീം കോടതിക്കു നൽകി. കേന്ദ്ര സർക്കാരിനു വ്യക്തമായ മേൽക്കൈയുള്ളതാണു കേന്ദ്രം നിർദേശിച്ചിട്ടുള്ള ഭരണസംവിധാനം. അന്തിമ തീരുമാനം കേന്ദ്ര സർക്കാരിനെന്നുള്ള വ്യവസ്ഥ ജലവിതരണത്തിൽ രാഷ്ട്രീയ തീരുമാനത്തിനുള്ള സാധ്യതയും തുറന്നിടുന്നു. 

പദ്ധതി കഴിഞ്ഞ ഫെബ്രുവരി 16ലെ കോടതിയുത്തരവുമായി ഒത്തുപോകുന്നതാണോയെന്നു നാളേയ്ക്കകം വ്യക്തമാക്കാൻ കേരളമുൾപ്പെടെയുള്ള കക്ഷി സംസ്ഥാനങ്ങളോടു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. 

കേന്ദ്രം നിർദേശിച്ച പദ്ധതിയുടെ ശരിതെറ്റുകളല്ല, തങ്ങളുടെ ഉത്തരവുമായി ഒത്തുപോകുന്നുണ്ടോ എന്നതു മാത്രമേ പരിശോധിക്കുകയുള്ളുവെന്നു കോടതി വ്യക്തമാക്കി. വിഷയം നാളെ വീണ്ടും പരിഗണിക്കും. 

അധ്യക്ഷനും എട്ട് അംഗങ്ങളും വോട്ടവകാശമില്ലാത്ത സെക്രട്ടറിയുമുൾപ്പെടുന്നതാണു കരടിൽ കേന്ദ്രം നിർദേശിച്ചിട്ടുള്ള ഭരണസംവിധാനം. അധ്യക്ഷനെയും രണ്ടു മുഴുവൻ സമയ അംഗങ്ങളെയും രണ്ടു പാർട് ടൈം അംഗങ്ങളെയും കേന്ദ്ര സർക്കാരാണു നിയോഗിക്കുക. കേരളം, കർണാടക, തമിഴ്നാട്, പുതുച്ചേരി എന്നിവയുടേതായി ഓരോ പാർട് ടൈം അംഗങ്ങൾ. സെക്രട്ടറിയെയും കേന്ദ്രം നിയോഗിക്കും. ആറ് അംഗങ്ങളുണ്ടെങ്കിൽ ക്വോറമാകും. ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്താവും തീരുമാനം. 

ഏതെങ്കിലും സംസ്ഥാനം കാവേരി ട്രൈബ്യൂണലിന്റെ തീരുമാനം നടപ്പാക്കുന്നതിൽ ഭരണസംവിധാനത്തോടു സഹകരിക്കുന്നില്ലെങ്കിൽ കേന്ദ്രത്തിന്റെ സഹായം തേടാം. കേന്ദ്രത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെന്നും കരട് പദ്ധതി വ്യക്തമാക്കുന്നു. ഭരണസംവിധാനത്തിന്റെ ഘടനയ്ക്കു പുറമെ, ഈ വ്യവസ്ഥയും രാഷ്ട്രീയമായി ദുരുപയോഗിക്കപ്പെടാമെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തൽ. ഭരണസംവിധാനത്തിന് കേന്ദ്രം പേരു നൽകിയിട്ടില്ല. ബോർഡ്, അതോറിറ്റി, കമ്മിറ്റി – ഇതിൽ ഏതു പേരിടണമെന്നത് കോടതിക്കു തീരുമാനിക്കാമെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയിൽ വ്യക്തമാക്കി. ഭരണസംവിധാനത്തിന്റെ പ്രവർത്തനച്ചെലവ് നാലു സംസ്ഥാനങ്ങളും ആനുപാതികമായി വഹിക്കണമെന്നാണു വ്യവസ്ഥ. 

കേന്ദ്രം ആദ്യം രണ്ടു കോടി രൂപ നൽകും. നിശ്ചയിച്ചിട്ടുള്ള അനുപാതമനുസരിച്ച് കേരളം 30 ലക്ഷം രൂപയാണ് ആദ്യം നൽകേണ്ടത്. വെള്ളത്തിന്റെ ഉപയോഗം കാര്യക്ഷമമാക്കുന്നതിനും കൃഷി രീതികൾ മാറ്റുന്നതിനും മറ്റും നിർദേശിക്കാനും ഭരണസംവിധാനത്തിന് അധികാരമുണ്ടാവും. വെള്ളം വിട്ടുനൽകുന്ന സമയത്ത് ബാണാസുരസാഗർ ഉൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുന്ന അണക്കെട്ടുകളുടെ നടത്തിപ്പിനു മാർഗനിർദേശം നൽകാനും ഭരണസംവിധാനത്തിന് അധികാരമുണ്ടാവുമെന്നും കരട് പദ്ധതിയിൽ പറയുന്നു.