ജമ്മുവിൽ ബിഎസ്എഫ്, പൊലീസ് ഉദ്യോഗസ്ഥർക്കു വീരമൃത്യു

ജമ്മു∙ മേഖലയിൽ വ്യത്യസ്ത ആക്രമണങ്ങളിൽ ബിഎസ്എഫ്, പൊലീസ് ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. സാംബ സെക്ടറിലെ രാജ്യാന്തര അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റിനു നേരെ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിലാണു ബിഎസ്എഫ് ജവാനായ ദേവേന്ദർ സിങ് ബാഗേല്‍(28) വീരമൃത്യു വരിച്ചത്, അദ്ദേഹത്തിന്റെ ഇടതുകണ്ണിനു വെടിയേറ്റിരുന്നു. മറ്റൊരു സംഭവത്തിൽ, അനന്ത്നാഗിലെ ബിജ്ബിഹാരയിൽ ഭീകരരുടെ ആക്രമണത്തിൽ പരുക്കേറ്റ ബിലാൽ അഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ, പിന്നീട് വീരമൃത്യു മരിച്ചു.

സാംബ സെക്ടറിലെ മംഗുചക് പോസ്റ്റിനു സമീപം കഴിഞ്ഞ രാത്രി നുഴഞ്ഞുകയറ്റ നീക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നു ബിഎസ്എഫ് ജവാന്മാർ അവർക്കു നേരെ വെടിയുതിർത്തു.ഇതിനിടെ പാക്കിസ്ഥാൻ റേഞ്ചേഴ്സ് തിരിച്ചു വെടിവയ്ക്കുകയായിരുന്നു. ഞായറാഴ്ച രാത്രിയിലും പാക്കിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവച്ചിരുന്നു. ഇന്ത്യൻസേന തിരിച്ചടിച്ചതോടെ ഇരുഭാഗത്തു നിന്നുമുള്ള വെടിവയ്പ് ഒരു മണിക്കൂറിലേറെ നീണ്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു–കശ്മീർ സന്ദർശത്തിനു നാലുദിവസം മുൻപാണു പാക്കിസ്ഥാൻ വെടിനിർത്തൽ ലംഘനം നടത്തുന്നത്.  ഇതേസമയം മേഖലയിൽ രണ്ടിടത്തു നടന്ന നുഴഞ്ഞുകയറൽ ശ്രമങ്ങൾ അതിർത്തിരക്ഷാ സേന വിഫലമാക്കി.

കഠ്‌വ ജില്ലയ്ക്കു സമീപം ഹിരാനഗറിൽ കഴിഞ്ഞദിവസം നുഴഞ്ഞുകയറിയ അഞ്ചു ഭീകരർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.ഹെലികോപ്റ്ററിന്റെ സഹായത്തോടെയാണു തിരച്ചിൽ. രാജ്യാന്തര അതിർത്തിയിൽ രഹസ്യതുരങ്കം നിർമിച്ചാണു നുഴഞ്ഞുകയറ്റമെന്നാണു സംശയം. തെർമൽ ഇമേജിങ് നിരീക്ഷണ സംവിധാനത്തിൽ അഞ്ചുപേരുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. തുരങ്കം കണ്ടെത്താനായില്ലെന്നു ബിഎസ്എഫ് മേധാവി കെ.കെ.ശർമ പറഞ്ഞു.