കാവേരി വെള്ളം: കരട് അന്തിമമാക്കുന്നത് നീട്ടിവയ്ക്കില്ല

ന്യൂഡൽഹി ∙ കാവേരി നദിയിലെ വെള്ളം പങ്കുവയ്ക്കാൻ കേന്ദ്രം തയാറാക്കിയ കരട് പദ്ധതിക്ക് അന്തിമരൂപം നൽകുന്നതു ജൂലൈ ആദ്യവാരം വരെ മാറ്റിവയ്ക്കണമെന്ന കർണാടകയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. കരടിൽ ചില മാറ്റങ്ങൾ വരുത്താൻ കേന്ദ്രത്തോടു നിർദേശിച്ച കോടതി, വിഷയം ഇന്നു വീണ്ടും പരിഗണിക്കും. സംസ്ഥാനത്ത് സർക്കാർ രൂപീകരണ പ്രക്രിയ പുരോഗമിക്കുകയാണെന്നും കരട് സംബന്ധിച്ച നിലപാട് വ്യക്തമാക്കാൻ മന്ത്രിമാരുടെ നിർദേശം ലഭിക്കേണ്ടതുണ്ടെന്നും കർണാടകയ്ക്കുവേണ്ടി ഹാജരായ ശ്യാം ദിവാൻ വാദിച്ചു.

വെള്ളം പങ്കിടൽ സംബന്ധിച്ചു സംസ്ഥാനങ്ങൾക്കു നിർദേശം നൽകാൻ കേന്ദ്രത്തിന് അധികാരം നൽകുന്ന വ്യവസ്ഥ പരിഷ്കരിച്ച് ഇന്നു നൽകാൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറ്റോർണി ജനറൽ കെ..കെ.വേണുഗോപാലിനോടു നിർദേശിച്ചു. പദ്ധതിയിൽ‍ ഉൾപ്പെടുന്ന അണക്കെട്ടുകളുടെ നടത്തിപ്പിനു മാർഗനിർദേശം നൽകാൻ ഭരണസംവിധാനത്തിന് അധികാരം നൽകുന്ന വ്യവസ്ഥ സ്വീകാര്യമല്ലെന്നു കേരളത്തിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും വ്യക്തമാക്കി. എന്നാൽ, അന്തർസംസ്ഥാന നദീജല പദ്ധതികളിൽ അത്തരം നടപടികൾ അനുവദനീയമാണെന്നു കോടതി പറഞ്ഞു.