കാവേരി: വെള്ളം പങ്കിടൽ പദ്ധതി സുപ്രീം കോടതി അംഗീകരിച്ചു

ന്യൂഡൽഹി ∙ കാവേരി നദീജലം പങ്കുവയ്ക്കാനുള്ള കരടുപദ്ധതിക്കു സുപ്രീം കോടതിയുടെ അംഗീകാരം. കേരളവും കർണാടകവും സമർപ്പിച്ച നിർദേശങ്ങൾ കഴമ്പില്ലാത്തവയെന്നു ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബെഞ്ച് തള്ളിക്കളഞ്ഞു. പദ്ധതിക്ക് അന്തിമരൂപം നൽകാതിരിക്കുന്ന കേന്ദ്രത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന തമിഴ്നാടിന്റെ വാദവും തള്ളി.

നാലു സംസ്ഥാനങ്ങൾ തമ്മിൽ വഴക്കടിക്കാതെ സുഗമമായി നദീജലം പങ്കിടുന്നതിനായി കോടതി നിർദേശപ്രകാരം കേന്ദ്രസർക്കാർ തയാറാക്കിയ പദ്ധതിയാണിത്. ഇതനുസരിച്ചു കർണാടകം, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങൾ ചേർന്നു ജലം പങ്കിടുന്നതു തീരുമാനിക്കാൻ കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം.

ഈ ബോർഡിനു നിർദേശങ്ങൾ നൽകാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടാകണമെന്ന നിർദേശം നേരത്തേതന്നെ കോടതി തള്ളിക്കളഞ്ഞിരുന്നു. കാവേരി ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് കോടതി നിർദേശിച്ചതനുസരിച്ചു പരിഷ്കരിച്ചു നടപ്പാക്കണമെന്നും നിർദേശിച്ചിരുന്നു.