അത്ര അകലെയല്ല കുടിവെള്ളം ഇല്ലാക്കാലം

ന്യൂഡൽഹി ∙ കുടിവെള്ളമില്ലാത്ത കാലം വരാനിരിക്കുന്നതേയുള്ളു എന്നു കരുതരുത്. പല സംസ്ഥാനങ്ങളിലും വെള്ളമില്ലാത്ത സ്ഥിതിയാണെന്നു നിതി ആയോഗ് തയാറാക്കിയ സമഗ്ര ജല മാനേജ്മെന്റ് സൂചിക വ്യക്തമാക്കുന്നു. 2016–17 ജല മാനേജ്മെന്റ് സൂചികയിൽ ഗുജറാത്താണ് ഒന്നാമത്. കേരളം പന്ത്രണ്ടാമത്.

ജലാശയങ്ങളുടെ സംരക്ഷണവും നവീകരണവും, പങ്കാളിത്ത ജലസേചനം, കൃഷിയിടങ്ങളിലെ സുസ്ഥിരജലവിനിയോഗം, ഗ്രാമ–നഗര കുടിവെള്ള ലഭ്യത, ജല മാനേജ്മെന്റ് നയങ്ങൾ തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ ഹിമാലയൻ ഇതര പട്ടികയാണിത്. വെള്ളമില്ലായ്മ മനുഷ്യരെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ മാത്രം കണക്കാണിത്. മറ്റു ജീവജാലങ്ങളുടെ ദുരിതം തിട്ടപ്പെടുത്തിയിട്ടില്ല. നിലവിൽ ആവശ്യമുള്ള വെള്ളത്തിന്റെ ഇരട്ടി വേണം 2030ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കണ്ടെത്തലുകൾ

∙ രാജ്യത്തു കടുത്ത ജലക്ഷാമം അനുഭവിക്കുന്നവർ – 60 കോടി

∙ മലിനജലം കുടിച്ചും വെള്ളം ലഭിക്കാതെയും ഇന്ത്യയിൽ പ്രതിവർഷം മരിക്കുന്നവർ – ഏകദേശം 2 ലക്ഷം

∙ നിലവിലെ ജല ലഭ്യത – 695 ബില്യൺ ക്യുബിക് മീറ്റർ (ബിസിഎം); 2050ൽ ആവശ്യമുള്ളത് – 1,180 ബിസിഎം.

∙ വെള്ളമില്ലാത്തതിനാൽ പ്രതിശീർഷ ഉൽപാദനത്തിൽ വരാവുന്ന നഷ്ടം – 6%

∙ ഇന്ത്യയിലെ വെള്ളത്തിന്റെ ഏകദേശം 70 ശതമാനവും മാലിന്യം കലർന്നത്

∙ 122 രാജ്യങ്ങളുടെ ആഗോള ജലനിലവാര സൂചികയിൽ ഇന്ത്യയുടെ സ്ഥാനം – 122

∙ പുരയിടത്തിൽ കുടിവെള്ള സൗകര്യമില്ലാത്ത വീടുകൾ – 75%

∙ പൈപ്പ് വെള്ളം കിട്ടാത്ത വീടുകൾ – 84%

2015–16ലും കഴിഞ്ഞ വർഷവും കേരളം 12–ാം സ്ഥാനത്തുതന്നെ തുടരുന്നതിന്റെ കാരണങ്ങൾ:

∙ പങ്കാളിത്ത സ്വഭാവമുള്ള ജലസേചന പദ്ധതികളുടെ പോരായ്മ

∙ സൂക്ഷ്മ ജലസേചന പദ്ധതികളുടെ കുറവ്

∙ മലിനജലത്തിന്റെ 10% മാത്രം പുനരുപയോഗം

∙ നഗരങ്ങളിലെ 50% ജനങ്ങൾക്കു മാത്രം വെള്ളം ലഭിക്കുന്നു

കേരളത്തിലെ നല്ല കാര്യങ്ങൾ:

∙ ജലാശയങ്ങളെ ആശ്രയിച്ചുള്ള ജലസേചന സാധ്യത 82%വരെ വീണ്ടെടുത്തു

∙ ജലസേചനം, കനാൽ‍ ലൈനിങ് എന്നിവയിൽ പണം മുടക്കുന്നതിൽ മികവ്

ജലവിഭവ മന്ത്രി നിതിൻ ഗഡ്കരി: ജല പ്രതിസന്ധിയല്ല, ജല മാനേജ്മെന്റ് പ്രതിസന്ധിയാണുള്ളത്. ജല മാനേജ്മെന്റിലെ പരാജയം കാർഷികോൽപാദനത്തെയും ബാധിക്കുന്നു. ജലം പാഴാക്കാതെ മികച്ച രീതിയിൽ സംഭരിക്കാനും ഉപയോഗിക്കാനുമുള്ള നല്ല മാതൃകകൾ വേണം. സംസ്ഥാനങ്ങൾ‍ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കപ്പെടണം.