അയോധ്യ: സ്വാമിയുടെ ഹർജി പിന്നീട്

ന്യൂഡൽഹി∙ അയോധ്യയിൽ രാമജന്മഭൂമിയിൽ പ്രാർഥിക്കാനുള്ള മൗലികാവകാശം സ്ഥാപിച്ചുതരണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആവശ്യം, മോസ്ക് ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമാണോയെന്ന വിഷയം തീരുമാനിച്ചശേഷം പരിഗണിക്കാമെന്നു സുപ്രീം കോടതി വ്യക്തമാക്കി. 

മോസ്ക്  ഇസ്‌ലാം മതാനുഷ്ഠാനത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് 1994ൽ ഇസ്മായിൽ ഫറൂഖി കേസിൽ സുപ്രീം കോടതി പരാമർശം നടത്തിയിരുന്നു. ഈ പരാമർശം രാമജന്മഭൂമി–ബാബറി മസ്ജിദ് ഭൂമിതർക്കവുമായി ബന്ധപ്പെട്ട കേസിനെ ബാധിക്കുമെന്നും അതിനാൽ പുനഃപരിശോധനയ്ക്കായി വലിയ ബെഞ്ചിനു വിടണമെന്നുമുള്ള ആവശ്യം സുപ്രീം കോടതി കഴിഞ്ഞ 20നു തീരുമാനം പറയാൻ മാറ്റിയിരുന്നു.