ന്യൂഡൽഹി∙ സിക്കിം അതിർത്തിയിലെ ദോക് ലായിൽ സ്ഥിതി ശാന്തമാണെന്നു കേന്ദ്ര സർക്കാർ. അതിർത്തിയിൽ ചൈനീസ് സൈന്യം റോഡുകൾ നിർമിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു രാജ്യസഭയിൽ നൽകിയ മറുപടിയിലാണു വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് ഇക്കാര്യം അറിയിച്ചത്.
പ്രദേശത്ത് സമാധാനാന്തരീക്ഷം തുടരുന്നു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടാൻ അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതുണ്ടെന്നു ചൈനയുമായുള്ള ആശയവിനിമയങ്ങളിൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതിനിടെ, കര, നാവിക, വ്യോമസേനാ മേധാവികൾ പ്രതിരോധ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. പതിവു കൂടിക്കാഴ്ച മാത്രമെന്നു പ്രതിരോധ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചെങ്കിലും പാക്കിസ്ഥാനിൽ പുതിയ ഭരണകൂടം നിലവിൽ വരുന്നതിന്റെ പശ്ചാത്തലത്തിൽ നടന്ന ചർച്ചയ്ക്കു പ്രാധാന്യമേറെ.