കഠ്‌വ പെൺകുട്ടിക്ക് നൽകിയത് ലഹരിമരുന്നുകളുടെ മിശ്രിതം

ജമ്മു/പഠാൻകോട്ട് ∙ കഠ്‌വയിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്ക് കൂടിയ അളവിൽ ഉറക്കമരുന്നുകൾ നൽകിയിരുന്നുവെന്ന് ക്രൈംബ്രാഞ്ച്. പലതരം വേദനസംഹാരികളും ഉറക്കഗുളികകളും ലഹരിമരുന്നുകളും ചേർത്ത മിശ്രിതം ഉള്ളിൽച്ചെന്നു കടുത്ത മയക്കത്തിലേക്കു വീണ കുട്ടിക്കു പീഡനശ്രമങ്ങൾ ചെറുക്കാനാകുമായിരുന്നില്ലെന്ന് അന്വേഷണസംഘം പഠാൻകോട്ട് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു.  

ഉറക്ക/ലഹരി/മയക്കു മരുന്നുകളുടെ കോക്ടെയിൽ എന്ന വാക്കാണ് കുറ്റപത്രത്തിൽ. കേസിലെ എട്ടു പ്രതികളുടെ ഫോൺ കോളുകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. ജനുവരിയിലാണ് നാടോടി പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്നത്. കഞ്ചാവ് അടക്കമുള്ള ലഹരിവസ്തുക്കളും മരുന്നുകളും കുഞ്ഞിനു ബലംപ്രയോഗിച്ചു നൽകിയതിന്റെ നടുക്കുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. 

ഇതിനിടെ, ജമ്മു കശ്മീർ ഹൈക്കോടതി ബാർ അസോസിയേഷനെതിരെ സ്വമേധയാ എടുത്ത കേസ് സുപ്രീം കോടതി ഒഴിവാക്കി. കശ്മീരിലെ കോടതിയിൽ അഭിഭാഷകർ നടപടികൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതു ശ്രദ്ധയിൽവന്നതോടെയാണ് സുപ്രീം കോടതി കേസെടുത്തത്. എന്നാൽ, പഠാൻകോട്ട് കോടതിയിലേക്കു വിചാരണ മാറ്റിയതോടെ കേസിനു പ്രസക്തിയില്ലെന്ന ബാർ അസോസിയേഷന്റെ വാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അംഗീകരിച്ചു.