ദോക് ലാ: സുഷമയുടെ അവകാശവാദം നിരാകരിച്ച് രാഹുൽ

ന്യൂഡൽഹി∙ ചൈനയോടു ചേർന്നുള്ള ദോക് ലാ അതിർത്തിയിൽ സ്ഥിതി ശാന്തമാണെന്നു വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയിൽ നടത്തിയ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്ത്. ദോക് ലായിൽ ചൈന രഹസ്യമായി സേനാ സന്നാഹം വർധിപ്പിക്കുന്നെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയ രാഹുൽ, ചൈനയ്ക്കു മുന്നിൽ സുഷമ സാഷ്ടാംഗം പ്രണമിക്കുകയാണെന്നു കുറ്റപ്പെടുത്തി.

ബ്രിക്സ് ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങ്ങുമായി നടത്തിയ അനൗദ്യോഗിക കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദോക് ലാ വിഷയം ഉന്നയിക്കാത്തതിനെ കഴിഞ്ഞ ദിവസം തൃണമൂൽ എംപി സുഗത ബോസ് ലോക്സഭയിൽ വിമർശിച്ചിരുന്നു. ഇക്കാര്യത്തിൽ മോദി സഭയിൽ നിലപാടു വ്യക്തമാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം തള്ളിയ സുഷമ സ്വയം മറുപടി നൽകിയതിനെയും രാഹുൽ കടന്നാക്രമിച്ചു. നേതാവിനു മുന്നിൽ പൂർണ അനുസരണ കാട്ടിയതു വഴി അതിർത്തിയിലെ ധീര സൈനികർ വഞ്ചിക്കപ്പെട്ടതായി രാഹുൽ പറഞ്ഞു.