ത്രിപുര ഗ്രാമപഞ്ചായത്ത്: 96% സീറ്റിലും എതിരില്ലാതെ ബിജെപി

അഗർത്തല ∙ ഈ മാസം 30നു നടക്കാനിരിക്കുന്ന ത്രിപുരയിലെ പഞ്ചായത്ത് ഇടക്കാല തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസം പിന്നിട്ടതോടെ 96% ഗ്രാമപഞ്ചായത്തുകളിലും പ‍ഞ്ചായത്തുസമിതി സീറ്റുകളിലും മൊത്തമുള്ള 18 ജില്ലാ പരിഷത് സീറ്റുകളിലും ഭരണകക്ഷിയായ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ജി.കെ. റാവു പ്രഖ്യാപിച്ചു. ബാക്കി 132 ഗ്രാമപഞ്ചായത്ത് സീറ്റുകൾ, ഏഴ് പ‍ഞ്ചായത്തുസമിതി സീറ്റുകൾ എന്നിവയിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പ് 30നു തന്നെ നടത്തുമെന്നും കമ്മിഷൻ അറിയിച്ചു.

എന്നാൽ ബിജെപി സംസ്ഥാനത്ത് അധികാരത്തിൽ വന്നതോടെ തിരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ അംഗങ്ങളെ ബലമായി രാജിവയ്പിക്കുകയും ഇടക്കാല തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകാൻ അനുവദിക്കാതിരിക്കുകയുമാണ് ചെയ്തതെന്ന് ബിജെപി ഇതര പാർട്ടികൾ ആരോപിച്ചു. 35 ബ്ലോക്കുകളിൽ 28 എണ്ണത്തിലും ബിജെപിക്കാരല്ലാത്ത ആരെയും നാമനിർദേശപത്രിക നൽകാൻ അനുവദിച്ചില്ലെന്ന് സിപിഎം ആരോപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷനെ ഇക്കാര്യം അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ആരോപണങ്ങളെല്ലാം ബിജെപി നിഷേധിച്ചു.