ന്യൂഡൽഹി∙ മുത്തലാഖ് വഴി വിവാഹമോചനം വിലക്കിയും ഇത്തരം കേസുകളിൽ 3 വർഷം വരെ തടവുശിക്ഷയ്ക്കു വ്യവസ്ഥ ചെയ്തുമുള്ള ഓർഡിനൻസിനു രാഷ്ട്രപതിയുടെ അംഗീകാരം. കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകരിച്ച ഓർഡിനൻസിനു രാത്രി തന്നെ രാഷ്ട്രപതി റാംനാഥ് കോവിന്ദ് അംഗീകാരം നൽകുകയായിരുന്നു.
ലോക്സഭ അംഗീകരിച്ചെങ്കിലും രാജ്യസഭയിൽ പാസാക്കാനാകാതെ പോയ നിയമത്തിനു പകരമാണിത്. പാർലമെന്റിൽ അവതരിപ്പിച്ച ബില്ലിൽ ചില ഭേദഗതികളും ഉൾപ്പെടുത്തി. വിചാരണ തുടങ്ങും മുൻപു പ്രതിക്കു ജാമ്യം നൽകാൻ മജിസ്ട്രേട്ടിന് അധികാരമുണ്ട്. എന്നാൽ, ഇതു ഭാര്യയുടെ അഭിപ്രായമാരാഞ്ഞ ശേഷമാകണം. നിയമത്തിന്റെ ദുരുപയോഗം തടയുകയെന്ന ലക്ഷ്യത്തോടെയുള്ള ഭേദഗതികൾ കേന്ദ്ര മന്ത്രിസഭ നേരത്തേ അംഗീകരിച്ചിരുന്നു.
മറ്റു വ്യവസ്ഥകൾ
∙ ഭാര്യയ്ക്കോ രക്തബന്ധുക്കൾക്കോ വിവാഹം വഴി ബന്ധുക്കളായവർക്കോ പൊലീസിൽ പരാതി നൽകാം. അയൽക്കാരും മറ്റും നൽകുന്ന പരാതി സ്വീകരിക്കില്ല.
∙ ഭാര്യ ആവശ്യപ്പെട്ടാൽ മജിസ്ട്രേട്ടിന് കേസ് ഒത്തുതീർപ്പാക്കാം.
∙ രണ്ടു കക്ഷികൾക്കും ചേർന്നു കേസ് പിൻവലിക്കാം.
∙ ഭാര്യയ്ക്കും പ്രായപൂർത്തിയാകാത്ത മക്കൾക്കും ജീവനാംശം നൽകാൻ പ്രതി ബാധ്യസ്ഥൻ.
∙ പ്രായപൂർത്തിയാകാത്ത മക്കളെ വിട്ടുകിട്ടണമെന്നു ഭാര്യയ്ക്ക് ആവശ്യപ്പെടാം. തീരുമാനം മജിസ്ട്രേട്ടിന്റേത്.
രാജ്യസഭയിൽ കോൺഗ്രസ് ബില്ലിനെ പിന്തുണയ്ക്കാതിരുന്നതു വോട്ട്ബാങ്ക് സമ്മർദം മൂലമാണെന്നു മന്ത്രിസഭാ തീരുമാനം വിശദീകരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് കുറ്റപ്പെടുത്തി. മതപരമല്ല, ലിംഗനീതിയുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേന്ദ്ര സർക്കാർ മുസ്‌ലിം സ്ത്രീകൾക്കു നീതി ഉറപ്പാക്കുന്നതിനു പകരം രാഷ്ട്രീയം കളിക്കുകയാണെന്നു കോൺഗ്രസ് പ്രതികരിച്ചു. ഉപേക്ഷിക്കപ്പെടുന്ന സ്ത്രീക്കു നഷ്ടപരിഹാരം നൽകാത്ത ഭർത്താവിന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന ശുപാർശ അംഗീകരിക്കാത്തതു ദൗർഭാഗ്യകരമാണെന്നു വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
430 കേസുകൾ; പകുതിയിലേറെ യുപിയിൽ
മൂന്നു തവണ ഒരുമിച്ചു ‘തലാഖ്’ ചൊല്ലി വിവാഹമോചനം നടത്തുന്നതു നിയമവിരുദ്ധമാണെന്നു കഴിഞ്ഞവർഷം ഓഗസ്റ്റിൽ സുപ്രീം കോടതി വിധിച്ചിരുന്നു. എന്നാൽ ഇതിനു ശേഷവും രാജ്യത്തു മുത്തലാഖ് തുടരുകയാണെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. 2017 ജനുവരി മുതൽ ഇതുവരെ 430 കേസുകൾ. പകുതിയിലേറെയും യുപിയിലാണ്.