ആനന്ദ്∙ ‘പശുവിന്റെ പാലിനേക്കാൾ പോഷകമൂല്യമുള്ള ഒട്ടകത്തിന്റെ പാൽ ഉപയോഗിക്കണമെന്ന് അന്ന് ഞാൻ പറഞ്ഞപ്പോൾ എല്ലാവരും കളിയാക്കി. ഇന്നിപ്പോൾ, ഒട്ടകത്തിന്റെ പാലിന് ഇരട്ടിവിലയുണ്ടെന്നും അതുപയോഗിച്ചുണ്ടാക്കുന്ന ചോക്കലേറ്റിന് ഏറെ ആവശ്യക്കാരുണ്ടെന്നും അറിയുമ്പോൾ സന്തോഷം’– പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
‘ഗുജറാത്ത് മുഖ്യമന്ത്രി എന്തോ പാപം ചെയ്തുവെന്ന മട്ടിലായിരുന്നു അന്നത്തെ വിമർശനം മുഴുവൻ. ചെല്ലുന്നിടത്തെല്ലാം ആളുകൾ എന്നെ പരിഹസിച്ചു. കാർട്ടൂണുകൾ വരച്ചു. വർഷങ്ങൾക്കുശേഷം എന്റെ ആഗ്രഹം സഫലീകരിച്ച അമുലിനു നന്ദി’– മോദി പറഞ്ഞു. ഗുജറാത്തിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
533 കോടി രൂപയുടെ അമുൽ പ്രീമിയം ചോക്കലേറ്റ് നിർമാണ പ്ലാന്റ്, പോഷകാഹാര പ്ലാന്റ്, ആനന്ദ് കാർഷിക സർവകലാശാലയിൽ ഭക്ഷ്യസംസ്കരണ മികവിനുള്ള കേന്ദ്രം, 20 കോടിയുടെ ഐസ് ക്രീം പ്ലാന്റ്, ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹായത്തോടെ 1.44 കോടി മുടക്കി മുജ്കുവ ഗ്രാമത്തിൽ ആരംഭിച്ച സഹകരണ സൗരോർജ പദ്ധതി തുടങ്ങിയവ അദ്ദേഹം ഉദ്ഘാടനം ചെയ്തു.
പാൽ സംസ്കരണം, പായ്ക്കിങ്, വെണ്ണ നിർമാണം എന്നിവയ്ക്കായുള്ള അമുൽ പ്ലാന്റുകൾക്ക് അദ്ദേഹം തറക്കല്ലിട്ടു. മുതലാളിത്ത, സോഷ്യലിസ്റ്റ് മാതൃകയേക്കാൾ വിജയകരമായ സാമ്പത്തിക ബദലാണ് സഹകരണ മാതൃകയെന്നും ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി വല്ലഭ് ഭായ് പട്ടേലാണ് അമുൽ ക്ഷീര വികസന പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്നും അദ്ദേഹം ഓർമിപ്പിച്ചു.