തിത്‌ലി ചുഴലിക്കാറ്റിൽ ആന്ധ്രയിൽ 8 മരണം

വമ്പന്റെ ശക്തി: ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന കണ്ടെയ്നർ ലോറികൾ തിത്‌ലി ചുഴലിക്കാറ്റിൽ മറിഞ്ഞപ്പോൾ. ചിത്രം: പിടിഐ

ഭുവനേശ്വർ/ അമരാവതി∙ തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്രപ്രദേശിൽ 8 പേരുടെ ജീവൻ കവർന്നു. മരം വീണ് 62 വയസ്സുള്ള സ്ത്രീയും വീട് തകർന്ന് 55 വയസ്സുള്ള പുരുഷനും കടലിൽ പോയ 6 മത്സ്യത്തൊഴിലാളികളുമാണ് മരിച്ചത്. ഒഡീഷയിലെ ഗൻജം, ഗജപതി, ആന്ധ്രയിലെ ശ്രീകാകുളം, വിസിയാനഗരം എന്നീ ജില്ലകളിൽ കാറ്റിലും മഴയിലും നാശവുമുണ്ടായി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്താൻ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും നിർദേശം നൽകി. 

ശ്രീകാകുളത്ത് ഒട്ടനവധി മരങ്ങളും രണ്ടായിരത്തിലേറെ വൈദ്യുതി പോസ്റ്റുകളും പിഴുതെറിയപ്പെട്ടു. 4319 ഗ്രാമങ്ങളിലും 6 പട്ടണങ്ങളിലും വൈദ്യുതി വിതരണം തകരാറിലായി. റോഡ് ഗതാഗതം തടസ്സപ്പെട്ടു. കൃഷിനാശവും ഉണ്ടായി. ചിലയിടങ്ങളിൽ 26 സെന്റിമീറ്റർ വരെ മഴ പെയ്തു. കാക്കിനഡയിൽ നിന്ന് കടലിൽ പോയ 67 മത്സ്യബന്ധന ബോട്ടുകളിൽ രണ്ടെണ്ണമൊഴികെ തിരിച്ചെത്തി. ദുരന്ത നിവാരണ സേന രംഗത്തിറങ്ങിയിട്ടുണ്ട്. 

ഒഡീഷയിലെ പുരി ജില്ലയിലും കനത്ത മഴയുണ്ടായി. വൈദ്യുതി, ഫോൺ ബന്ധങ്ങൾ താറുമാറായി. 3 ലക്ഷം പേരെയാണ് 1112 അഭയകേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചത്. 123 ഗർഭിണികളെ ആശുപത്രികളിലാക്കുകയും ചെയ്തു. 

ജീവാപായം കുറയാൻ ഇടയാക്കിയത് ഇതാണെന്നു ചീഫ് സെക്രട്ടറി പറഞ്ഞു. രണ്ടിടത്ത് റെയിൽവേ സ്റ്റേഷൻ കെട്ടിടങ്ങൾക്ക് നാശമുണ്ടായി. 

150 കിലോമീറ്റർ വേഗത്തിൽ കരയണഞ്ഞ കാറ്റ് ശക്തി നഷ്ടപ്പെട്ട് ബംഗാളിലേക്കാണ് നീങ്ങുന്നത്.