ചെന്നൈ∙ ബിജെപി വിരുദ്ധ മഹാസഖ്യം ലക്ഷ്യമിട്ട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും നടത്തിയ ചർച്ചയ്ക്കു പൂർണപിന്തുണയുമായി ഡിഎംകെ. ബിജെപി ഇതര പാർട്ടികൾ ഒന്നിച്ചു നിൽക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിനു മുൻകയ്യെടുത്ത ഇരുനേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ ട്വീറ്റ് ചെയ്തു.
ലോക്സഭാ തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടിൽ ഡിഎംകെയുടെ നേതൃത്വത്തിൽ വിശാല പ്രതിപക്ഷ സഖ്യം രൂപപ്പെടുന്നതിന്റെ സൂചന കൂടിയായി സ്റ്റാലിന്റെ പ്രസ്താവന.