ന്യൂഡൽഹി∙ ആന്ധ്രപ്രദേശിനു പ്രത്യേക ഹൈക്കോടതിക്ക് സുപ്രീം കോടതി അനുമതി. ജനുവരി ഒന്നിന് ഇത് നിലവിൽ വരുന്നതോടെ രാജ്യത്തെ 25–ാമതു ഹൈക്കോടതിയാകും. സംസ്ഥാന തലസ്ഥാനമായ അമരാവതിയിൽ ജസ്റ്റിസ് സിറ്റി സമുച്ചയം പണിതീരും വരെ താൽക്കാലിക കെട്ടിടത്തിലാകും പ്രവർത്തനം.
ജസ്റ്റിസ് എ.കെ. സിക്രി, അശോക് ഭൂഷൺ എന്നിവരടങ്ങിയ ബെഞ്ചാണു 2019 ജനുവരി ഒന്നുമുതൽ ആന്ധ്രയ്ക്കു പുതിയ ഹൈക്കോടതി അനുവദിച്ച് ഉത്തരവായത്. 2014 ജൂൺ 2നു സംസ്ഥാന വിഭജനത്തിനുശേഷവും ആന്ധ്രയ്ക്കും തെലങ്കാനയ്ക്കും പൊതുഹൈക്കോടതിയാണ്.
ഹൈദരാബാദിൽ നിലവിലുള്ള ഹൈക്കോടതി ഇനി തെലങ്കാന ഹൈക്കോടതിയാകും. ആന്ധ്രപ്രദേശ് ഹൈക്കോടതിയുടെ താൽക്കാലിക മന്ദിരം ഡിസംബർ 15നു സജ്ജമാകുമെന്നും സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.