അതിർത്തി തകർത്ത് സമാധാനം; ഇന്ത്യയും പാക്കിസ്ഥാനും ഒന്നിച്ച് സിഖ് തീർഥാടക ഇട‌നാഴി

അതിർത്തിക്കപ്പുറം പാക്കിസ്ഥാനിലെ ഗുരുദ്വാരയിലെ ഉൾവശം കാണാവുന്ന വിധത്തിൽ പഞ്ചാബിലെ ഗുരുദ്വാരയിൽ സ്ഥാപിച്ചിരിക്കുന്ന ബൈനോകുലറിലൂടെ നോക്കി തൊഴുതു നിൽക്കുന്ന പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു.

ന്യൂഡൽഹി∙ പഞ്ചാബിലെ കർതാർപുർ അതിർത്തിയിൽ ഇന്ത്യയും പാ‌ക്കിസ്ഥാനും ചേർന്ന് അതിർത്തി ഭേദിച്ചു സിഖ് തീർഥാടക ഇട‌നാഴി തീർ‌ക്കാൻ തയാറെടുക്കുമ്പോൾ അത് 5 നൂറ്റാണ്ടിനു ശേഷം സംഭവിക്കുന്ന അത്ഭുതമാവുകയാണ്. 

മത്സരാധിഷ്ഠിത സമാധാനം

സിഖുകാരുടെ 2 പ്രധാന ആരാധനാലയങ്ങളെ കൂട്ടിയിണ‌ക്കി, അതിർത്തികളില്ലാത്ത ഇടനാഴി എന്ന ആശയം സജീവമായിട്ടു കുറച്ചു നാളായി. വിഷയം വീണ്ടും  ജനശ്രദ്ധയിലെത്തിച്ചതു പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദുവാണ്. പ്ര‌ധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞയിൽ പങ്കെടുത്ത അദ്ദേഹം 2 വിവാദങ്ങൾക്കു തിരികൊളുത്തി. പാക്ക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബ‌ജ്‌വായെ ആശ്ലേഷിച്ചതിന്റെ പേരിലായിരുന്നു ആദ്യത്തേത്. പാക്ക് ഭാഗത്തു സിഖ് ഇട‌നാഴി തീർക്കാൻ തയാറാണെന്നു ജനറൽ പറഞ്ഞെന്നു വെളിപ്പെടുത്തിയതിന്റെ പേരിൽ രണ്ടാമത്തേതും. 

പഞ്ചാബ് മുഖ്യമന്ത്രി അമ്‌രീന്ദർ സിങ് സിദ്ദുവിനെ തള്ളിപ്പറഞ്ഞെങ്കിലും അധികം വൈകാതെ സിഖ് ഇടനാഴിക്കു വേണ്ടി പഞ്ചാബ് നിയമസഭ പ്രമേയം പാസാക്കി. ഇടനാഴിയുടെ ക്രെഡിറ്റ് പാക്കിസ്ഥാനു കിട്ടാതിരിക്കുകയെന്ന താൽപര്യം കേന്ദ്ര സർക്കാ‌രിനുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭാ യോഗം ഇടനാഴി നിർമാണം പ്രഖ്യാപിച്ചതങ്ങനെയാണ്. തങ്ങൾക്കു പണ്ടേ സമ്മതമെന്നായിരുന്നു പാക്കിസ്ഥാന്റെ പ്രതികരണം.

പാക്ക് ഭാഗത്തെ ഇടനാഴിയുടെ നിർമാണം 28നു പ്രധാനമന്ത്രി ഇമ്രാൻ ഖാൻ  തുടങ്ങിവയ്ക്കുമെന്നും അവർ പ്രഖ്യാപിച്ചു. ഇന്ത്യയുടെ ഭാഗത്തെ നിർമാണ പ്രവർത്തനങ്ങൾ 26 നു രാഷ്ട്രപതി റാം നാഥ് കോവിന്ദും പഞ്ചാബ് മുഖ്യമന്ത്രി അമ‌രീന്ദർ സിങ്ങും ഉദ്ഘാടനം ചെ‌യ്യുമെന്ന് ‌ഇന്ത്യയും അറിയിച്ചു. 

കെട്ടടങ്ങിയ സിഖ് വിഘടനവാദത്തിന്റെ കനൽ തെളിക്കാൻ പാക്കിസ്ഥാൻ കാട്ടുന്ന അതിബുദ്ധിയാണ് ഇടനാഴിയെന്ന  നേരിയ ആശങ്ക ഇന്ത്യയ്ക്കുണ്ടെങ്കിലും നിലവിൽ ഈ ഇടനാഴി ഇരുരാജ്യത്തെയും ജനങ്ങൾക്കു നൽകുന്നതു സ്നേഹസന്ദേശവും പ്രതീക്ഷയുമാണ്.