ജി 20 ഉച്ചകോടിക്ക് നരേന്ദ്ര മോദി അർജന്റീനയിൽ

ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ അർജന്റീനയിലെ ബ്യൂനസ് ഐറിസ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അർജന്റീന നീതിന്യായ മന്ത്രി ജർമൻ ഗരാവാനോ സ്വീകരിക്കുന്നു. ചിത്രം: എപി

ബ്യൂനസ് ഐറിസ് (അർജന്റീന) ∙ ജി–20 ഉച്ചകോടിക്കായി എത്തിയ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ എന്നിവരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. 

വരുന്ന ദശകത്തിൽ ലോകം നേരിടുന്നു വെല്ലുവിളികളാണ് ചർച്ചാവിഷയമാവുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ അറിയിച്ചു.

മോദി, ട്രംപ്, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ എന്നിവരുടെ ത്രികക്ഷി കൂടിക്കാഴ്ചയും ഇന്നും നാളെയുമായുള്ള ഉച്ചകോടിക്കിടെ നടക്കും. 

ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്, ജർമൻ ചാൻസലർ അംഗല മെർക്കൽ എന്നിവർക്കു പുറമേ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായും മോദി കൂടിക്കാഴ്ച നടത്തുന്നുണ്ട്. 

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായുള്ള കൂടിക്കാഴ്ച റഫാൽ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഏവരും ഉറ്റുനോക്കുന്നു.

ഇതേസമയം, യുക്രെയ്ൻ – റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ് പുടിനുമായുള്ള കൂടിക്കാഴ്ച റദ്ദാക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.

ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, ആഗോള താപനം, രാജ്യാന്തര നികുതി സംവിധാനം, സ്ത്രീ ശാക്തീകരണം, അടിസ്ഥാനസൗകര്യ വികസനം, സുസ്ഥിര വികസനം എന്നിവ ഉച്ചകോടിയുടെ പരിഗണനയിലുള്ള പ്രധാന വിഷയങ്ങളാണ്.