ഇന്ത്യയിൽ വൻനിക്ഷേപത്തിന് സൗദി അറേബ്യ; മോദി-മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ചയില്‍ ധാരണ

അർജന്റീനയിലെ ബ്യൂനസ് ഐറിസിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ രാഷ്ട്രത്തലവൻമാർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയപ്പോൾ. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ, ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ, അർജന്റീന പ്രസിഡന്റ് മൗറീഷ്യോ മക്രി തുടങ്ങിയവർ സമീപം. ചിത്രം: എഎഫ്പി

ബ്യൂനസ് ഐറിസ് (അർജന്റീന)∙ ഊർജം, അടിസ്ഥാന വികസനം, പ്രതിരോധം എന്നീ മേഖലകളിൽ ഇന്ത്യയിൽ നിക്ഷേപങ്ങൾ വിപുലമാക്കാൻ സൗദി അറേബ്യ. ഇന്നലെ ആരംഭിച്ച ജി 20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിൽ നടന്ന ചർച്ചയിലാണു സാമ്പത്തിക, വ്യാപാര സഹകരണം വിപുലമാക്കാനുള്ള നടപടികൾ ചർച്ച ചെയ്തത്. 

ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടു രൂപം കൊടുത്ത നാഷനൽ ഇൻഫ്രാസ്ട്രക്ചർ ഫണ്ടിലേക്കുള്ള ആദ്യ നിക്ഷേപം ഉടൻ ഉണ്ടാകുമെന്നും സൗദി കിരീടാവകാശി വ്യക്തമാക്കി. 

സാങ്കേതികവിദ്യ വികസന രംഗത്തും കാർഷിക, ഊർജ രംഗത്തുമുള്ള ഭാവി നിക്ഷേപ സാധ്യതകൾ പരിശോധിക്കാൻ നേതൃതലത്തിൽ പ്രത്യേക സംവിധാനം ഉണ്ടാക്കും. 3–4 വർഷത്തിനകം നടപ്പിലാക്കാവുന്ന നിക്ഷേപങ്ങളാണു പരിഗണനയിലുള്ളത്. ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണു സൗദി അറേബ്യ. ഇന്ത്യക്കാവശ്യമായ ക്രൂഡ് ഓയിലിന്റെ 19% ഇറക്കുമതി ചെയ്യുന്നതു സൗദിയിൽനിന്നാണ്. 

ഖഷോഗി വധവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കുശേഷം സൗദി കിരീടാവകാശി പങ്കെടുക്കുന്ന ആദ്യ രാജ്യാന്തര വേദിയാണു ജി–20. 

ലോകാരോഗ്യത്തിനും സമാധാനത്തിനുമുള്ള ഇന്ത്യയുടെ സമ്മാനമാണു യോഗ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇവിടെ നടന്ന യോഗ സമ്മേളനത്തിൽ പറഞ്ഞു. 2014 ലാണു യുഎൻ പൊതുസഭ ജൂൺ 21 രാജ്യാന്തര യോഗ ദിനമായി പ്രഖ്യാപിച്ചത്. 

വിവാദ വിഷയങ്ങൾക്കിടെ ജി– 20 ഉച്ചകോടിക്കു തുടക്കം 

ബ്യൂനസ് ഐറിസ് ∙ യുക്രെയ്ൻ പ്രശ്നത്തിൽ യുഎസ്–റഷ്യ ഭിന്നതകൾക്കിടയിൽ അർജന്റീനയിൽ ജി–20 ദ്വിദിന ഉച്ചകോടിക്കു തുടക്കം. കഴിഞ്ഞദിവസം യുക്രെയ്ൻ നാവികസേനാക്കപ്പലുകൾ റഷ്യ പിടിച്ചെടുത്തതിന്റെ പേരിൽ റഷ്യയുടെ വ്ളഡിമിർ പുടിനുമായി നിശ്ചയിച്ച ചർച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് റദ്ദാക്കിയിരുന്നു. 

ട്രംപിന്റെ സ്വദേശിവൽക്കരണ വ്യാപാര നയത്തിനെതിരെ ഫ്രാൻസിന്റെയും ജർമനിയുടെയും നേതൃത്വത്തിൽ യൂറോപ്യൻ രാഷ്ട്രനേതാക്കളും ഉച്ചകോടിയിൽ അണിനിരക്കും. വ്യാപാര തർക്കത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചൈന പ്രസിഡന്റ് ഷി ചിൻപിങ്ങുമായി ട്രംപ് ചർച്ച നടത്തും. ചൈനയ്ക്കെതിരെ ട്രംപ് ഭരണകൂടം 25,000 കോടി ഡോളർ ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയത് ഈയിടെയാണ്. 

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച ട്രംപ് നിലപാടും ഉച്ചകോടിയിൽ ഭിന്നതകളുണ്ടാക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ അർജന്റീനയുടെ തലസ്ഥാന നഗരത്തിൽ ഇന്നലെ പ്രതിഷേധ റാലികൾ നടന്നു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ അടക്കം ലോകനേതാക്കളുമായി നരേന്ദ്രമോദിയും കൂടിക്കാഴ്ചകൾ നടത്തുന്നുണ്ട്.