‘ക്യാപ്റ്റൻ’ ആര്? സിദ്ദുവിന്റെ പരാമർശത്തിൽ വിവാദം കൊഴുക്കുന്നു

നവ്ജ്യോത് സിങ് സിദ്ദു

ചണ്ഡിഗഡ്∙ നവ്ജ്യോത് സിങ് സിദ്ദുവിന്റെ ‘ക്യാപ്റ്റൻ’ പരാമർശത്തെച്ചൊല്ലി പഞ്ചാബ് മന്ത്രിസഭയിൽ വിവാദം പുകയുന്നു. തദ്ദേശ സ്വയംഭരണ മന്ത്രിയായ സിദ്ദു പദവി ഒഴിയണമെന്ന് മന്ത്രി സദു സിങ് ധരംസോത് ആവശ്യപ്പെട്ടതിനു പിന്നാലെ സിദ്ദു ക്ഷമാപണം നടത്തണമെന്ന ആവശ്യമുന്നയിച്ച് 3 മന്ത്രിമാർ കൂടി രംഗത്തെത്തി. ഇന്നലെ മന്ത്രിസഭാ യോഗത്തിലും ഇക്കാര്യം ചർച്ചയായി. വിവാദ പരാമർശം കർതാർപുർ ഇടനാഴിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ സിദ്ദു പാക്കിസ്ഥാനിൽ പോയതിന് അനുവാദം നൽകാതിരുന്ന ‘ക്യാപ്റ്റ’ന്റെ (മുഖ്യമന്ത്രി അമരീന്ദർ സിങ്) നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകുമ്പോഴാണ് കഴിഞ്ഞ ദിവസം സിദ്ദുവിന്റെ വിവാദ പരാമർശം.

‘അദ്ദേഹം (മുഖ്യമന്ത്രി) പട്ടാളത്തിലെ ക്യാപ്റ്റനായിരുന്നു. എനിക്കും പാർട്ടിക്കും ഒരു ക്യാപ്റ്റനേയുള്ളൂ. അത് രാഹുൽ ഗാന്ധിയാണ്. അദ്ദേഹമാണ് ക്യാപ്റ്റന്റെയും (അമരീന്ദർ) ക്യാപ്റ്റൻ. എന്റെ യാത്രകൾക്കെല്ലാം ക്യാപ്റ്റന്റെ അനുവാദമുണ്ട്’ – എന്നായിരുന്നു പരിഹാസരൂപേണയുള്ള പരാമർശം. ഇതിനെ പിന്തുണച്ച് ‘ഞങ്ങൾ രാഹുലിന്റെ ശിപായിമാരാണ്, അമരീന്ദറിന്റേതല്ല’ എന്നു സിദ്ദുവിന്റെ ഭാര്യയും മുൻ ബിജെപി എംഎൽഎയുമായ നവ്ജ്യോത് കൗർ സിദ്ദു പറഞ്ഞതും വിവാദമായി. വിമർശനം ശക്തം മുഖ്യമന്ത്രിയെക്കുറിച്ചു പറഞ്ഞ സിദ്ദുവിന്റെ ശൈലിയും ശരീരഭാഷയും അംഗീകരിക്കാനാകില്ലെന്നും ക്യാപ്റ്റനോടു മാപ്പു പറയണമെന്നും മന്ത്രി ത്രിപ്ത് രജീന്ദർ സിങ് ബജ്‌വ പറഞ്ഞു.

മന്ത്രിമാരായ സുഖ്‌വീന്ദർ സിങ് സർക്കാരിയ, റാണ ഗുർമീത് സിങ് സോചി എന്നിവരും സിദ്ദുവിനെതിരെ രംഗത്തെത്തി. പഞ്ചാബിൽ കോൺഗ്രസിന്റെ ഒരേയൊരു ക്യാപ്റ്റനാണ് അമരീന്ദർ സിങ്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചതിലൂടെയാണ് പാർട്ടിക്ക് ഇത്ര വലിയ വിജയം നേടാനായത് – മന്ത്രി അരുണ ചൗധരി ചൂണ്ടിക്കാട്ടി.

മുഖ്യന്റെ അതൃപ്തി

1965 ലെ ഇന്ത്യ–പാക്ക് യുദ്ധവേളയിൽ പട്ടാളത്തിൽ ക്യാപ്റ്റനായിരുന്നു മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവിനൊപ്പം അമരീന്ദർ സിങ്ങിനും പാക്കിസ്ഥാനിലേക്കു ക്ഷണമുണ്ടായിരുന്നെങ്കിലും അമൃത്‌സറിൽ ഗ്രനേഡ് ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടത് ഉൾപ്പെടെ അതിർത്തിയിലെ പാക്ക് ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ക്ഷണം നിരസിച്ചു. പ്രതിഷേധം, വിശദീകരണം ‘പഞ്ചാബിന്റെ ക്യാപ്റ്റൻ അമരീന്ദർ’ എന്നെഴുതിയ ബാനറകളും പ്ലക്കാർഡുകളുമേന്തി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. സിദ്ദു അധികാരമോഹിയാണെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രിയെയാണ് തന്റെ ക്യാപ്റ്റനായി കാണുന്നതെന്നും ബിജെപി ആരോപിച്ചു.