പഞ്ചാബ് കോൺഗ്രസിലെ ‘ക്യാപ്റ്റൻ വിവാദം’; പറഞ്ഞു തീർക്കാൻ ഹൈക്കമാൻഡ് നിർദേശം

നവജ്യോത് സിങ് സിദ്ദു

ചണ്ഡിഗഡ് ∙ ക്യാപ്റൻ പരാമർശത്തിന്റെ പേരിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങിനോട് മാപ്പുപറയേണ്ട കാര്യമില്ലെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദു. ഇതിനിടെ, വിവാദം തണുപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെട്ടു. തർക്കം ഒഴിവാക്കാൻ പഞ്ചാബ് പാർട്ടി നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നിർദേശം നൽകി. ഇന്നലെ രാജസ്ഥാനിൽ പ്രചാരണത്തിനെത്തിയ സിദ്ദു, മുഖ്യമന്ത്രിയുമായി പ്രശ്നം പറഞ്ഞു തീർക്കുമെന്ന് അറിയിച്ചു.

എന്നാൽ, അമരീന്ദറിനോടു മാപ്പുപറയുമോ എന്ന ചോദ്യത്തിന്, ‘അദ്ദേഹം പിതൃതുല്യനാണ്. ഞാൻ തെറ്റൊന്നും പറഞ്ഞിട്ടില്ലല്ലോ. മാപ്പുപറയുന്നതിന്റെ പ്രശ്നം ഉദിക്കുന്നില്ല’ എന്നായിരുന്നു മറുപടി. സിദ്ദു മാപ്പുപറയണമെന്നും മന്ത്രിസഭയിൽനിന്നു പുറത്താക്കണെന്നുമൊക്കെ പഞ്ചാബ് കോൺഗ്രസിൽ ആവശ്യങ്ങളുയർന്നിരുന്നു. 3 മന്ത്രിമാർ സിദ്ദുവിനെ പുറത്താക്കണമെന്നും 4 പേർ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ആരും ഉന്നയിച്ചില്ല. കർതാർപുർ തീർഥാടക ഇടനാഴിയുടെ പാക്കിസ്ഥാനിലെ ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുക്കാൻ സിദ്ദു മുഖ്യമന്ത്രിയുടെ അതൃപ്തി വകവയ്ക്കാതെ പോയതു മുതലാണ് തർക്കം ഉടലെടുത്തത്.