ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നു; പ്രതി കുറ്റക്കാരൻ

ജസീക്ക, മിതേഷ് പട്ടേൽ

ലണ്ടൻ∙ ആൺസുഹൃത്തിനൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്ന കേസിൽ ഇന്ത്യൻ വംശജൻ മിതേഷ് പട്ടേൽ (37) കുറ്റക്കാരനാണെന്നു ടീസൈഡ് ക്രൗൺ കോടതി കണ്ടെത്തി. വടക്കൻ ഇംഗ്ലണ്ടിലെ മിഡിൽസ്ബറോയിലെ വീട്ടിൽ ഇന്ത്യൻ വംശജയായ ഫാർമസിസ്റ്റ് ജസീക്ക (34) കൊല്ലപ്പെട്ട കേസിൽ വിചാരണ കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. 

സ്വവർഗാനുരാഗികൾക്കുള്ള ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട സുഹൃത്തുമൊത്ത് പുതിയ ജീവിതം ആരംഭിക്കാനാണ് ജസീക്കയെ കൊന്നതെന്ന് മിതേഷ് സമ്മതിച്ചു. ജീവപര്യന്തം ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും പ്രതി എത്ര വർഷം ജയിലിൽ കഴിയണമെന്നത് ശിക്ഷയിൽ പറയുമെന്നും ജഡ്ജി ജയിംസ് ഗോസ് അറിയിച്ചു 

കഴിഞ്ഞ മേയിൽ ജസീക്കയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തുകയായിരുന്നു. മരണത്തിൽ തനിക്കു പങ്കില്ലെന്ന് മിതേഷ് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം തുടർന്നു. താൻ വീട്ടിലെത്തുമ്പോൾ വീട് കൊള്ളയടിക്കപ്പെട്ടതായും കൈകൾ കെട്ടിയ നിലയിൽ ജസീക്കയുടെ മൃതദേഹം കണ്ടുവെന്നുമായിരുന്നു മിതേഷിന്റെ മൊഴി.

എന്നാൽ, ഭാര്യയുടെ മരണത്തെ തുടർന്നു ലഭിക്കുമായിരുന്ന 20 ലക്ഷം പൗണ്ട് (18 കോടിയിലേറെ രൂപ) ഇൻഷുറൻസ് തുകയുമായി ആൺസുഹൃത്ത് ഡോ. അമിത് പട്ടേലിനൊപ്പം ഓസ്ട്രേലിയയ്ക്കു കടക്കാൻ മിതേഷ് പദ്ധതിയിട്ടതായി കണ്ടെത്തി. 2015 ജൂലൈയിൽ ‘അവളുടെ ദിനങ്ങൾ എണ്ണപ്പെട്ടു’ എന്ന് അമിത്തിന്  മിതേഷ് സന്ദേശം അയച്ചതുൾപ്പെടെ കൊലപാതകം ആസൂത്രണം ചെയ്തതതിന്റെ ഒട്ടേറെ തെളിവുകളും ലഭിച്ചു. 

അമിതമായി ഇൻസുലിൻ കുത്തിവച്ചശേഷം കൈകൾ ബന്ധിച്ച് പ്ലാസ്റ്റിക് ബാഗുകൊണ്ട് ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ കണ്ടെത്തി. 2011 മുതൽ മിഡിൽസ്ബറോയിലെ ലിൻതോർപിൽ പട്ടേൽസ് ഫാർമസി എന്ന സ്ഥാപനം നടത്തുകയായിരുന്നു മിതേഷും ജസീക്കയും.