‘മോദിക്കാലത്ത് വോട്ടിങ് യന്ത്രങ്ങൾ അപ്രതീക്ഷിതമായി പെരുമാറും’; കാവൽ നിൽക്കാൻ രാഹുലിന്റെ നിർദേശം

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ, വോട്ടിങ് യന്ത്രങ്ങൾക്കു കാവൽ നിൽക്കാൻ സംസ്ഥാനങ്ങളിലെ പ്രവർത്തകർക്കു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നിർദേശം. രാജസ്ഥാൻ, തെലങ്കാന എന്നിവിടങ്ങളിൽ ഇന്നലെ വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെയാണു രാഹുലിന്റെ നിർദേശമെത്തിയത്. മോദി സർക്കാരിന്റെ കാലത്ത് വോട്ടിങ് യന്ത്രങ്ങൾ അപ്രതീക്ഷിതമായി ‘പെരുമാറു’മെന്നും ജാഗ്രത ആവശ്യമാണെന്നും ട്വിറ്ററിൽ അദ്ദേഹം കുറിച്ചു. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിങ് യന്ത്രങ്ങളിൽ ബിജെപി വ്യാപക ക്രമക്കേട് നടത്തിയെന്ന ആരോപണവുമായി കോൺഗ്രസ് നേരത്തേ രംഗത്തിറങ്ങിയിരുന്നു.

അതിനിടെ, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ അനുകൂല എക്സിറ്റ് പോൾ ഫലങ്ങളിൽ കോൺഗ്രസ് ദേശീയ നേതൃത്വം ആവേശവും ആത്മവിശ്വാസവും പ്രകടിപ്പിച്ചു. 3 സംസ്ഥാനങ്ങളിലും മികച്ച പ്രകടനം പ്രതീക്ഷിക്കുന്ന പാർട്ടി, തെലങ്കാനയിൽ നില മെച്ചപ്പെടുത്തുമെന്നു കണക്കുകൂട്ടുന്നു. നിലവിലുള്ള സർക്കാരുകൾക്കെതിരായ ജനവിധിയാണു സംസ്ഥാനങ്ങളിലുള്ളതെന്നും തെലങ്കാനയിലും ഭരണവിരുദ്ധ വികാരം പ്രകടമാണെന്നും പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയം മുന്നിൽക്കണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി നേതാക്കളും വ്യാപകമായി വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുകയാണെന്നു പാർട്ടി വക്താവ് രൺദീപ് സിങ്‍ സുർജേവാല ആരോപിച്ചു. പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാധ്‌രയുടെ സ്ഥാപനങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡുകൾ സർക്കാരിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ്. 

കോൺഗ്രസ് വിലയിരുത്തൽ

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച കോൺഗ്രസിന്റെ അണിയറ വിലയിരുത്തൽ ഇങ്ങനെ – രാജസ്ഥാനിൽ ഉറച്ച പ്രതീക്ഷ; 140 സീറ്റ് വരെ നേടാം. മധ്യപ്രദേശിൽ നേരിയ മുൻതൂക്കം; 120 സീറ്റ്. ഛത്തീസ്ഗഡിൽ 50 നു മുകളിലെത്തും. തെലങ്കാന, മിസോറം സംസ്ഥാനങ്ങളെക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെ – ഫലം വരട്ടെ, അപ്പോൾ കാണാം.