ന്യൂഡൽഹി∙ നിരോധിച്ച ഇന്ത്യൻ നോട്ടുകളെച്ചൊല്ലിയുള്ള നേപ്പാളിന്റെ പ്രതിഷേധം പുതിയ തലത്തിലേക്ക് – നോട്ട് നിരോധനത്തിനുശേഷം ഇന്ത്യ പുറത്തിറക്കിയ 2000, 500, 200 രൂപാ നോട്ടുകൾ നേപ്പാൾ നിരോധിച്ചു. ഇന്ത്യയുടെ 100 രൂപയും അതിൽ താഴെയുള്ള കറൻസികളും മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്നാണ് നേപ്പാളിലെ പുതിയ നിർദേശം.
ഇന്ത്യയിൽ നിന്നു നേപ്പാളിലേക്കു പോകുന്ന വിനോദസഞ്ചാരികളെയും നേപ്പാളിൽ സ്ഥാപനങ്ങൾ നടത്തുന്ന ഇന്ത്യക്കാരെയും മാത്രമല്ല, ഇന്ത്യയിൽ ജോലി ചെയ്യുന്ന നേപ്പാളികളെയും ദോഷകരമായി ബാധിക്കുന്നതാണ് നടപടിയെന്നാണ് വിലയിരുത്തൽ. എന്നാൽ, ഇന്ത്യയുടെ സമീപനരീതിയോടു പ്രതികരിക്കാൻ മറ്റു മാർഗങ്ങളില്ലെന്നാണ് നേപ്പാളിന്റെ നിലപാട്.
2016 നവംബർ 8 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ നേപ്പാളും ഭൂട്ടാനും ആശങ്ക അറിയിച്ചിരുന്നു. രണ്ടിടത്തും ഇന്ത്യൻ കറൻസിയിൽ വിനിമയമുണ്ട്.
രണ്ടിടത്തെയും കേന്ദ്ര ബാങ്കിലുള്ള നിരോധിത ഇന്ത്യൻ കറൻസി, റിസർവ് ബാങ്ക് തിരികെയെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ സമിതി രൂപീകരിച്ചിരുന്നു. എന്നാൽ, ഈ സമിതി പ്രവർത്തിക്കുന്നില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
നേപ്പാൾ രാഷ്ട്ര ബാങ്കിൽ 950 കോടി, ഭൂട്ടാനിൽ 100 കോടി എന്നിങ്ങനെയാണത്രേ നിരോധിത ഇന്ത്യൻ നോട്ടുകളുടെ തോത്. ഇന്ത്യയിൽ ജോലി ചെയ്യുന്ന നേപ്പാളികളുടേതും മറ്റുമായി 3200 കോടിയുടെ നിരോധിത നോട്ടുകളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. നോട്ട് നിരോധനത്തിനു മുൻപ് തങ്ങളുടെ ബാങ്കിലെത്തിയ കറൻസി പോലും തിരികെയെടുക്കാൻ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് ഇന്ത്യയിലെ നേപ്പാൾ ഹൈക്കമ്മിഷൻ വൃത്തങ്ങൾ പറഞ്ഞു.