ഏറ്റവും ആധികാരിക ജയം; പ്രഖ്യാപനം ഏറ്റവും ഒടുവിൽ

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി

ന്യൂഡ‍ൽഹി ∙ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ഏറ്റവും ആധികാരിക ജയം നേടിയതു ഛത്തീസ്ഗഡിലാണ്. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം ഏറ്റവും നീണ്ടതും അവിടെത്തന്നെ. ഉപമുഖ്യമന്ത്രി പദവും പ്രധാന വകുപ്പുകളും സംബന്ധിച്ച് ധാരണയുണ്ടെങ്കിലും സത്യപ്രതിജ്ഞയ്ക്കു ശേഷമേ അന്തിമ തീരുമാനമാകൂ. ഭൂപേഷ് ബാഗേൽ ഉൾപ്പെടെ മുഖ്യമന്ത്രി സ്ഥാനത്തേക്കു രംഗത്തുണ്ടായിരുന്ന 4 പേരുമായും കോൺ‌ഗ്രസ‌് അധ‌്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ രാവിലെ അന്തിമ ചർച്ച നടത്തി. മറ്റു സംസ്ഥാന നേതാക്കളുമായും രാഹുൽ ആശയവിനിമയം നടത്തിയിരുന്നു.

കേന്ദ്രതീരുമാനം അറിയിച്ചതോടെ ടി.എസ്.സിങ്ദേവ്, താമ്രധ്വജ സാഹു, ചരൺദാസ് മഹന്ത് എന്നിവർ അയഞ്ഞു. രാഹുലുമായുള്ള ചർച്ചയ്ക്കു ശേഷം കേന്ദ്ര നി‌രീക്ഷകൻ മല്ലികാർജുൻ ഖർഗെയ്ക്കൊപ്പം 4 നേതാക്കളും രാവിലെ ത‌ന്നെ റായ്പുരിലേക്കു മടങ്ങി. അവിടെ നിയമസഭാ കക്ഷി യോഗത്തിൽ തീരുമാനം അംഗീകരിച്ചതിനു തൊട്ടുപിന്നാലെ ട്വിറ്ററിൽ കോൺ‌ഗ്രസിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു. മധ്യപ്രദേശിലും രാജസ്ഥാനിലും കേന്ദ്ര നിരീക്ഷകൻ വാർത്താസമ്മേളനം വിളിച്ചാണു മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിലെന്ന പോലെ ഇവിടെയും സോണിയ ഗാന്ധിയും പ്രിയങ്കയും പലവട്ടം ചർച്ചകളിൽ പങ്കാളികളായി.

കാർഷിക കടാശ്വാസം പ്രഖ്യാപനം ഉടൻ അധികാരത്തിലെത്തി 10 ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നായിരുന്നു കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വാഗ്ദാനം. ഇതനുസരിച്ചാണ്, ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കടാശ്വാസപദ്ധതി പ്രഖ്യാപിക്കുമെന്നു ബാഗേൽ അറിയിച്ചത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി വി.സി. ശുക്ലയും ഛത്തീസ്ഗഡ് പിസിസി അധ്യക്ഷൻ നന്ദ്കുമാർ പട്ടേലും മുൻ ആഭ്യന്തരമന്ത്രി മഹേന്ദ്ര കർമയുമടക്കം 30 പേർ കൊല്ലപ്പെട്ട ഝിരംവാലി മാവോയിസ്റ്റ് ആക്രമണക്കേസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഏൽപിക്കാനുള്ള തീരുമാനം ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെയുണ്ടാകും.