PM (പിന്നെ മതി)! പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയെക്കുറിച്ച് പ്രമുഖ കക്ഷികൾ

ന്യൂഡൽഹി∙ മോദി വിരുദ്ധ പ്രതിപക്ഷ നിരയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ ഉയർത്തിക്കാട്ടിയതിനെച്ചൊല്ലി പ്രതിപക്ഷ കക്ഷികൾക്കിടയിൽ മുറുമുറുപ്പ്. പ്രധാനമന്ത്രി സ്ഥാനാർഥിയെ ഏകപക്ഷീയമായി ഉയർത്തിക്കാട്ടിയത് അനുചിതമാണെന്ന വാദവുമായി പ്രബല കക്ഷികൾ രംഗത്തിറങ്ങി.

കോൺഗ്രസ് അപ്രമാദിത്വം നേടുന്നതിനെ എതിർക്കുന്ന തൃണമൂൽ കോൺഗ്രസ്, ബിഎസ്പി, എസ്പി, ഇടതു കക്ഷികൾ എന്നിവ ഇക്കാര്യത്തിലുള്ള എതിർപ്പ് പ്രകടിപ്പിച്ചു. ഇക്കാരണത്താൽ സ്റ്റാലിന്റെ നിലപാടിൽ കോൺഗ്രസ് അമിതാഹ്ലാദം പ്രകടിപ്പിക്കില്ല. പ്രതിപക്ഷ ഐക്യത്തിൽ വിള്ളൽ വീഴാതിരിക്കാൻ ഇപ്പോൾ അവകാശവാദം ഉന്നയിക്കേണ്ടെന്ന നിലപാടിലാണു പാർട്ടി നേതൃത്വം.

തിരഞ്ഞെടുപ്പിനു ശേഷമുള്ള സീറ്റ് നിലയുടെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രിയെ തീരുമാനിച്ചാൽ മതിയെന്നാണു മായാവതി, മമതാ ബാനർജി എന്നിവരുടെ മനസ്സിലിരുപ്പ്. കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ രാഹുലിനെ ഡ്രൈവിങ് സീറ്റിൽ അവരോധിക്കണമെന്ന ആശയത്തെ സ്റ്റാലിനും ആർജെഡി നേതാവ് തേജസ്വി യാദവും പരസ്യമായി പിന്തുണച്ചപ്പോൾ മമത, ശരദ് പവാർ ഉൾപ്പെടെയുള്ളവർ മൗനം പാലിച്ചു.

ഇതിനിടെ, ശരദ് പവാറിനെ ഭാവി പ്രധാനമന്ത്രിയെന്നു വിളിക്കരുതെന്ന് സഹോദര പുത്രനും മുതിർന്ന എൻസിപി നേതാവുമായ അജിത് പവാർ പാർട്ടി പ്രവർത്തകരോട് അഭ്യർഥിച്ചു. ചിലർക്ക്് അത് ഇഷ്ടപ്പെടാനിടയില്ലാത്തതിനാൽ എൻസിപി സ്ഥാനാർഥികളെ തോൽപിക്കാൻ സാധ്യതയുണ്ടെന്നാണ് ആശങ്ക.

∙ തൃണമൂൽ കോൺഗ്രസ്: സ്റ്റാലിന്റെ പ്രസ്താവന അനവസരത്തിലുള്ളതാണ്. പ്രതിപക്ഷ കക്ഷികൾക്കിടയിൽ ചർച്ച ചെയ്തു ധാരണയായ ശേഷം മാത്രമേ പ്രധാനമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കാവൂ. അല്ലാതെയുള്ള പ്രസ്താവനകൾ തെറ്റായ സന്ദേശം നൽകും

∙ സീതാറാം യച്ചൂരി (സിപിഎം ജനറൽ സെക്രട്ടറി): അഭിപ്രായം ഡിഎംകെയുടേതു മാത്രമാണ്. തിരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യ സാധ്യതകളാണു സിപിഎം പരിശോധിക്കുക

∙ എസ്. സുധാകർ റെഡ്ഡി (സിപിഐ ജനറൽ സെക്രട്ടറി): പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷം തീരുമാനിക്കുന്നതാണ് ഉചിതം. ഓരോ പാർട്ടിക്കും സ്വന്തം അഭിപ്രായമുണ്ട്. സ്റ്റാലിന്റെ പരാമർശത്തെ അങ്ങനെ കണ്ടാൽ മതി

∙ നവാബ് മാലിക് (എൻസിപി വക്താവ്): പ്രധാനമന്ത്രി സ്ഥാനാർഥി ആരെന്ന ചർച്ച ഇപ്പോൾ ആവശ്യമില്ല. തിരഞ്ഞെടുപ്പിന് ശേഷം സർക്കാർ രൂപീകരിക്കേണ്ട സാഹചര്യം വന്നാൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് കോൺഗ്രസ് തന്നെ നേരത്തെ പ്രഖ്യാപിച്ചത്.