ട്രാൻസ്ജെൻഡർ അവകാശം: ബിൽ ലോക്സഭ പാസ്സാക്കി

ന്യൂഡൽഹി∙ ട്രാൻസ്ജെൻഡർ അവകാശ സംരക്ഷണത്തിനുള്ള ബിൽ ലോക്സഭ പാസാക്കി. ട്രാൻസ്ജെൻഡറിനു സമൂഹത്തിൽ സ്വീകാര്യത ഉറപ്പാക്കാനും അവകാശങ്ങൾ ലഭ്യമാക്കാനുമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയ ബിൽ, അവരുടെ ക്ഷേമത്തിനായുള്ള ദേശീയ കൗൺസിലിന്റെ രൂപീകരണവും നിർദേശിച്ചു. എന്നാൽ,  വിവേചനം അവസാനിപ്പിക്കാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്താത്ത ബില്ലിൽ പോരായ്മകൾ ഏറെയുണ്ടെന്നും അവ പരിഹരിക്കണമെന്നും ബിൽ അവതരണ ചർച്ചയ്ക്കു തുടക്കമിട്ട ശശി തരൂർ ചൂണ്ടിക്കാട്ടി. ട്രാൻസ്ജെൻഡറിന്റെ ശരിയായ അർഥം സംബന്ധിച്ചു ബില്ലിൽ വ്യക്തത ആവശ്യമാണെന്നും അവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബിജെഡി, എൻസിപി, തൃണമൂൽ, സിപിഎം എംപിമാരും ബില്ലിലെ വ്യവസ്ഥകളിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടു. ട്രാൻസ്ജെൻഡർക്കു തുല്യ അവകാശങ്ങൾ ഉറപ്പാക്കണമെന്നു സുപ്രിയ സുലെ (എൻസിപി) ആവശ്യപ്പെട്ടു. 27 ഭേദഗതികൾ സർക്കാർ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വ്യവസ്ഥകൾ പിഴവുറ്റതാണെന്നും ബിൽ അവതരിപ്പിച്ച കേന്ദ്ര സാമൂഹിക നീതി മന്ത്രി താവർചന്ദ് ഗെലോട്ട് മറുപടി നൽകി. 

ഇതിനു പുറമെ മുത്തലാഖ് ബിൽ നിയമന്ത്രി രവിശങ്കർ പ്രസാദ് അവതരിപ്പിച്ചതിൽ ഒതുങ്ങി ലോക്സഭയിലെ ഇന്നലത്തെ നടപടിക്രമങ്ങൾ.