ലണ്ടൻ∙ ഇന്ത്യയ്ക്കു കൈമാറാനുള്ള ലണ്ടൻ കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വിജയ് മല്യ. ബാങ്കുകൾക്കുള്ള 9400 കോടി രൂപ വായ്പക്കുടിശിക തിരിച്ചടയ്ക്കാതെ രാജ്യം വിട്ട കേസിലാണ് മല്യയെ ഇന്ത്യയ്ക്കു കൈമാറാൻ വെസ്റ്റ്മിൻസ്റ്റർ ചീഫ് മജിസ്ട്രേട്ട് എമ്മ ആർബത‌്‌നോട്ട് 10–ാം തിയതി വിധിച്ചത്. ഈ വിധി ബ്രിട്ടിഷ് ആഭ്യന്തര വകുപ്പിനു നൽകിയിട്ടുണ്ട്. ഇതിൽ രണ്ടു മാസത്തിനുള്ളിൽ ആഭ്യന്തര വകുപ്പ് തീരുമാനമെടുക്കണം.
സാധാരണനിലയിൽ മജിസ്ട്രേട്ടിന്റെ വിധിക്കെതിരായ തീരുമാനം ആഭ്യന്തര വകുപ്പ് സ്വീകരിക്കാനിടയില്ല. ആഭ്യന്തര വകുപ്പ് തീരുമാനമെടുത്താൽ 14 ദിവസത്തിനുള്ളിൽ ഇതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ മല്യയ്ക്ക് അവകാശമുണ്ട്. അപ്പീൽ നൽകാനുള്ള അനുമതിക്കായി അപേക്ഷ നൽകുന്ന കാര്യം ആലോചിച്ചുവരികയാണെന്ന് മല്യയുടെ അഭിഭാഷകർ അറിയിച്ചു.