ലണ്ടൻ ∙ ബാങ്കുകളുടെ കടം തിരിച്ചടവു കേസിൽ കുരുക്കിലായ മദ്യവ്യവസായി വിജയ് മല്യയ്ക്കെതിരെ പാപ്പർ കേസ് നടപടികളും. മല്യ ഇന്ത്യയിലെ 14 ബാങ്കുകളിൽ നിന്നെടുത്ത 9,000 കോടി രൂപയുടെ വായ്പ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന ബാങ്കുകൾ മല്യയ്ക്കെതിരെ നൽകിയ പാപ്പർ ഹർജിയിൽ അടുത്ത വർഷാദ്യം ലണ്ടൻ ഹൈക്കോടതി വാദം കേൾക്കും.
കടം തിരിച്ചടയ്ക്കാതെ ഇന്ത്യയിൽ നിന്നു മുങ്ങിയ മല്യയെ കൈമാറണമെന്നാവശ്യപ്പെട്ട് ബാങ്കുകൾ നൽകിയ ഹർജിയിൽ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതിയിൽ നിന്ന് അനുകൂലവിധി നേടിയ ടിഎൽടി എന്ന നിയമസ്ഥാപനത്തിനാണ് ഈ കേസിന്റെയും ചുമതല. മല്യയ്ക്ക് ലോകമെങ്ങുമുള്ള ആസ്തികൾ കോടതി മരവിപ്പിച്ചിരിക്കയാണ്. കൈമാറൽ ഉത്തരവിൽ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് ഒപ്പുവച്ചാൽ 14 ദിവസത്തിനുള്ളിൽ പ്രതിക്ക് അപ്പീൽ നൽകാം.