‘അനീതി എവിടെ കണ്ടാലും ഇടപെട്ടിരിക്കും; ഹനുമാൻ അങ്ങനെ ചെയ്തെങ്കിൽ ശരിക്കും ജാട്ടാണ്, ജാട്ട്..’

ലക്നൗ∙ ആരാധനാ മൂർത്തിയായ ഭഗവാൻ ഹനുമാൻ വന്നുവന്ന് ജാട്ട് സമുദായാംഗമായി. മുസ്‌ലിം, ദലിത്, ജൈനൻ, ആദിവാസി തുടങ്ങിയ അവകാശവാദങ്ങൾക്കെല്ലാം ഒടുവിലാണ് ജാട്ട് വിശേഷണം. ഉത്തർപ്രദേശ് മതകാര്യ മന്ത്രി ലക്ഷ്മി നാരായൻ ചൗധരിയാണ് പുതിയ അവകാശവാദവുമായി രംഗത്തു വന്നത്.

അദ്ദേഹത്തിന്റെ വാദം ഇങ്ങനെ– ഹനുമാന്റെ പിൻഗാമികളാണ് ജാട്ടുകൾ. സീതാദേവിയെ രാവണൻ തട്ടിക്കൊണ്ടുപോയതിനെ തുടർന്ന് രാമനു വേണ്ടി അന്വേഷിച്ചിറങ്ങിയ ഹനുമാൻ ലങ്കയ്ക്കു തീവച്ചു. ഇതു ജാട്ടുകളുടെ സ്വഭാവമാണ്. അനീതി എവിടെക്കണ്ടാലും മേൽകീഴ് നോക്കാതെ ഇടപെടുന്നവരാണ് ജാട്ടുകൾ.

അദ്ദേഹത്തിന്റെ പാർട്ടിക്കാരനും എംഎൽസിയുമായ ബുക്കൽ നവാബ് ആണ് കഴിഞ്ഞ ദിവസം ഹനുമാനെ മുസ്‌ലിമാക്കിയത്. റഹ്മാൻ, റമസാൻ, ഫർമാൻ, ഖുർബാൻ തുടങ്ങിയവ പോലെയാണ് ഹനുമാൻ എന്ന പേരും. ഹനുമാൻ എന്ന പേരിനെ പിന്തുടർന്നിട്ടതാണിവയെന്നാണ് ബുക്കൽ നവാബ് പറയുന്നത്.

ഒരു മാസം മുൻപ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രസംഗത്തിലാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാനെ വനവാസിയും ദലിതുമാക്കിയത്. ദലിത് ആയ ഹനുമാൻ മനുവാദികളുടെ അടിമയായിരുന്നുവെന്നായിരുന്നു ബിജെപി എംപി സാവിത്രി ഫുലെയുടെ കണ്ടെത്തൽ. ജൈന മതത്തിലെ 169 പുണ്യാത്മാക്കളിൽ ഒരാളാണ് ഹനുമാനെന്ന് ഭോപാലിലെ ഒരു ജൈനപുരോഹിതനും അവകാശപ്പെട്ടു.

ഇതിനിടെ, ഹനുമാന്റെ ജാതി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പ്രഗതിശീൽ സമാജ്‌വാദി ലോഹ്യ പാർട്ടി ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകി. യുപി മുൻ മുഖ്യമന്ത്രിയും സമാജ്‍വാദി പാർട്ടി നേതാവുമായ മുലായം സിങ് യാദവിന്റെ സഹോദരൻ ശിവ്പാൽ യാദവിന്റെ പുതിയ പാർട്ടിയാണിത്.