Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാൻസ്ജെൻഡർ പരാമർശം: ഗഡ്കരി വീണ്ടും വിവാദത്തിൽ

Nitin Gadkari നിതിൻ ഗഡ്കരി

ന്യൂഡൽഹി ∙ കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വീണ്ടും വിവാദത്തിൽ. തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്നു പറഞ്ഞതു വിവാദമാകുകയും അതിനു വിശദീകരണം നൽകുകയും ചെയ്തതിനു പിന്നാലെയാണു പുതിയ വിവാദം– കുഞ്ഞുങ്ങൾക്കു ജന്മം നൽകാൻ ട്രാൻസ്ജെൻഡറുകൾക്കു പോലും കഴിയും എന്നു പറഞ്ഞതാണു പ്രശ്നം. ഏതായാലും താൻ ഒരു പദവിയും ആഗ്രഹിക്കുന്നില്ലെന്നും 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി തന്നെ നയിക്കുമെന്നും ബിജെപി വൻവിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

മഹരാഷ്ട്രയിൽ സാംഗ്ലി ജില്ലയിലെ പൊതുപരിപാടിയിൽ ഗഡ്കരി പറഞ്ഞതിങ്ങനെ – ‘ട്രാൻസ്ജെൻഡർക്കു പോലും ഗർഭം ധരിച്ചു പ്രസവിക്കാനാകും; എന്നാൽ സാംഗ്ലിയിൽ ഒരു ജലസേചന പദ്ധതി ഒരിക്കലും പൂർത്തിയാക്കാൻ കഴിയില്ല.’ കൃഷ്ണ നദിയിൽനിന്നു വെള്ളമെത്തിക്കാൻ 1996 ൽ തുടക്കമിട്ട തെമ്പു ജലസേചന പദ്ധതിയെക്കുറിച്ചായിരുന്നു പരാമർശം.

ശനിയാഴ്ച പുണെയിൽ ജില്ലാ അർബൻ സഹകരണ ബാങ്കിന്റെ പരിപാടിയിൽ പങ്കെടുക്കവെയാണു ഗഡ്കരി തിരഞ്ഞെടുപ്പു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയാറാകണമെന്ന് അഭിപ്രായപ്പെട്ടത്. വിജയത്തിന് ഒരു പാട് പിതാക്കന്മാരുണ്ടാകും; എന്നാൽ തോൽവിയുടെ പിതൃത്വം ഏറ്റെടുക്കാൻ ആരും മുന്നോട്ടുവരില്ല. അതിനു നേതൃത്വം തയാറാകണമെന്നാണു പറഞ്ഞത്. ബാങ്കുകളുടെ ലാഭനഷ്ടങ്ങളെക്കുറിച്ച് പറഞ്ഞപ്പോൾ രാഷ്ട്രീയ ഉദാഹരണം പറയുക മാത്രമായിരുന്നുവെന്നു പിന്നീട് വിശദീകരണം നൽകിയെങ്കിലും അതിനകം തന്നെ പരാമർശം ബിജെപിയിലും പുറത്തും വിവാദമായിക്കഴിഞ്ഞിരുന്നു.

ബിജെപിയിൽ നേതൃമാറ്റം വേണമെന്നും ഗഡ്കരി ആ സ്ഥാനത്തേക്കു വരണമെന്നും മഹാരാഷ്ട്രയിലെ കർഷക നേതാവും സംസ്ഥാന സർക്കാരിന്റെ കർഷക പാനൽ അധ്യക്ഷനുമായ കിഷോർ തിവാരി പറഞ്ഞതു കഴിഞ്ഞയാഴ്ചയാണ്. ആരെങ്കിലും പറയുന്നതിനു താൻ ഉത്തരവാദിയല്ല എന്നായിരുന്നു ഗഡ്കരിയുടെ പ്രതികരണം.

പുത്തരിയല്ല വിവാദങ്ങൾ

ഗഡ്കരി മുൻപും വിവാദ പ്രസ്താവനകൾ നടത്തിയിട്ടുണ്ട്. 2014 ൽ ബിജെപി നൽകിയ വാഗ്ദാനങ്ങൾ നടപ്പാക്കാൻ ആവില്ലെന്ന് അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനോടു യോജിച്ചു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തതോടെ ബിജെപി വെട്ടിലായി. കരാറുകാർ റോഡ് പണി നന്നായി ചെയ്യുന്നില്ലെങ്കിൽ അവർക്കു മേൽ ബുൾഡോസർ കയറ്റുമെന്ന് അടുത്ത കാലത്തു പറഞ്ഞതും വിവാദമായി. ദക്ഷിണ മുംബൈയിൽ നാവികസേനയ്ക്ക് ഒരിഞ്ചു സ്ഥലം പോലും നൽകില്ലെന്നു പറഞ്ഞതും ഒച്ചപ്പാടിനിടയാക്കി. മലബാർ ഹില്ലിനു സമീപം ഫ്ലോട്ടിങ് ജെട്ടി പണിയാനുള്ള ഗഡ്കരിയുടെ പദ്ധതിയെ നാവികസേന എതിർത്തതിനു ശേഷമായിരുന്നു ഇത്. നടി ആശ പരേഖ് പത്മഭൂഷൺ ബഹുമതി തേടി തന്നെ സമീപിച്ചിരുന്നുവെന്ന വെളിപ്പെടുത്തലും വിവാദമായി.

related stories