ന്യൂഡൽഹി∙ പ്രതിപക്ഷ ഐക്യത്തിനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമങ്ങളെ പരിഹസിച്ചു കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ലേണിങ് ലൈസൻസ് പോലുമില്ലാത്തയാൾ ഓടിക്കുന്ന പ്രതിപക്ഷ ഐക്യത്തിന്റെ വാഹനം കുഴിയിൽ വീഴുമെന്ന് അദ്ദേഹം പറഞ്ഞു.
4 ദിവസം ജോലി ചെയ്ത ശേഷം 4 മാസത്തെ വിനോദയാത്ര പോകുന്നയാളാണു രാഹുൽ. മറുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ നാലു വർഷത്തിനിടെ നാലര മണിക്കൂർ പോലും അവധിയെടുത്തിട്ടില്ല. പലവിധ സമ്മർദം കാരണമാണു പ്രതിപക്ഷത്തെ തലമുതിർന്ന നേതാക്കൾ രാഹുലിനെ പിന്തുണയ്ക്കുന്നത്. 2014ലെ പ്രകടനം ബിജെപി അടുത്ത വർഷവും ആവർത്തിക്കും. മുൻ സർക്കാരുകളേക്കാൾ സുരക്ഷിത അന്തരീക്ഷത്തിലാണു മുസ്‌ലിംകൾ ഉൾപ്പെട്ട ന്യൂനപക്ഷങ്ങൾ നിലവിൽ ജീവിക്കുന്നതെന്നും നഖ്‌വി പറഞ്ഞു.
അതേസമയം, മികച്ച പ്രധാനമന്ത്രിയാകാനുള്ള എല്ലാ യോഗ്യതയും രാഹുലിനുണ്ടെന്നു ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്തു മാത്രമേ പ്രധാനമന്ത്രിയെ നിശ്ചയിക്കൂ. ബിജെപിയെ മുട്ടുകുത്തിക്കാൻ രാജ്യത്തുടനീളം കരുത്തുള്ള ഏക പാർട്ടി കോൺഗ്രസാണെന്നും അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പു വിജയങ്ങൾ അതിനു തെളിവാണെന്നും തരൂർ പറഞ്ഞു.