ന്യൂഡൽഹി ∙ മുത്തലാഖ് ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യത്തിൽ പ്രതിപക്ഷം ഉറച്ചുനിന്നതോടെ, രാജ്യസഭയിൽ ബിൽ ചർച്ചയ്ക്കെടുപ്പിക്കാനുള്ള കേന്ദ്രസർക്കാരിന്റെ ആദ്യശ്രമം പാളി. നാളെ ബിൽ വീണ്ടും പരിഗണനയ്ക്കു വന്നേക്കും. ബിൽ പാസായില്ലെങ്കിൽ അതുതന്നെ പ്രതിപക്ഷത്തിനെതിരെ പ്രചാരണ ആയുധമാക്കാനാണ് സർക്കാർ ശ്രമം. ഇന്നു പാർലമെന്റ് സമ്മേളിക്കുന്നില്ല.
രാജ്യസഭയിൽ സംഭവിച്ചത്
ഇന്നലെ രാവിലെ രാജ്യസഭ ചേർന്നപ്പോൾ കാവേരി വിഷയത്തിൽ അണ്ണാഡിഎംകെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു; സഭ ഉച്ചവരെ പിരിഞ്ഞു.
ഉച്ചയ്ക്കു 2ന് സഭ ചേർന്നപ്പോഴും ബഹളക്കാർ നടുത്തളത്തിലിറങ്ങി. എന്നാൽ, ആരോഗ്യമേഖലാ ബിൽ മന്ത്രി ജെ.പി.നഡ്ഡ അവതരിപ്പിച്ചു. തുടർന്ന് മുത്തലാഖ് വിഷയം. ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നു 2 നോട്ടിസ്. ഒന്നിൽ തൃണമൂൽ കോൺഗ്രസ് നേതാവ് െഡറിക് ഒബ്രയൻ, രണ്ടാമത്തേതിൽ അണ്ണാഡിഎംകെ നേതാവ് എ. നവനീതകൃഷ്ണൻ എന്നിവരുടെ പേരുകളാണ് ഒന്നാമതായി നൽകിയത്. അണ്ണാഡിഎംകെ വിട്ടുനിന്നേക്കുമെന്ന സംശയത്തിലായിരുന്നു ഈ നീക്കം.
രാജ്യസഭയെ റബർസ്റ്റാംപ് ആക്കരുതെന്നും ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്നുമുള്ള ആവശ്യത്തിൽ പ്രതിപക്ഷവും ആദ്യം ബിൽ പാസാക്കുക എന്ന നിലപാടിൽ ഭരണപക്ഷവും ഉറച്ചുനിന്നു. ഒടുവിൽ, അണ്ണാ ഡിഎംകെയുടെ ബഹളത്തിന്റെ പേരിൽ ഉപാധ്യക്ഷൻ ഹരിവംശ് സഭാനടപടികൾ അവസാനിപ്പിച്ചു.
നാളെ സംഭവിക്കാനുള്ളത്
ബിൽ സിലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യവുമായി പ്രതിപക്ഷം നാളത്തേക്കു പുതിയ നോട്ടിസ് നൽകിയിട്ടുണ്ട്. ഭരണപക്ഷം ഒറ്റക്കെട്ടായാൽത്തന്നെ രാജ്യസഭയിൽ ഭൂരിപക്ഷമില്ല. മുത്തലാഖ് ബിൽ വിഷയത്തിലാകട്ടെ, ശിവസേനയും ശിരോമണി അകാലിദളും മാത്രമാണ് പൂർണപിന്തുണയുമായി ബിജെപിക്കൊപ്പമുള്ളത്.
ബിഹാറിലെ ഭരണപങ്കാളിയായ ജെഡിയു, മുസ്‌ലിം വോട്ടിൽ ആശങ്കയുള്ളതിനാൽ ബില്ലിനോട് തന്ത്രപരമായ അകലം പാലിക്കുന്നു. വോട്ടെടുപ്പുണ്ടായാൽ ജെഡിയു വിട്ടുനിൽക്കുമെന്നാണ് അഭ്യൂഹം. കേന്ദ്ര സർക്കാരിന് വിഷയാധിഷ്ഠിത പിന്തുണ നൽകാറുള്ള ബിജെഡിയും ബില്ലിന് ഭേദഗതികൾ ആവശ്യപ്പെടുന്നു. ഫലത്തിൽ, 244 അംഗ സഭയിൽ ഭരണപക്ഷത്തിന് 100 വോട്ടുപോലും ഉറപ്പിക്കാനാവാത്ത സ്ഥിതി.
ഇനിയെന്ത് ?
ബിൽ അവതരിപ്പിക്കാൻ കഴിയാതിരിക്കുകയോ അവതരിപ്പിച്ചു പരാജയപ്പെടുകയോ ചെയ്താൽ, പാർലമെന്റ് പിരിഞ്ഞ ശേഷം സർക്കാരിന് പുതിയ ഓർഡിനൻസ് ഇറക്കാം.
പ്രമേയക്കാരൻ ഹാജരില്ല
സെപ്റ്റംബർ 19ന് ഇറക്കിയ മുത്തലാഖ് ഓർഡിനൻസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് കോൺഗ്രസിലെ ടി.സുബ്ബിരാമ റെഡ്ഡി നൽകിയ നിരാകരണ പ്രമേയവും ഇന്നലെ അജൻഡയിലുണ്ടായിരുന്നു. എന്നാൽ, പേരുവിളിച്ചപ്പോൾ റെഡ്ഡി ഹാജരുണ്ടായിരുന്നില്ല.