ന്യൂഡൽഹി∙ റഫാൽ വിഷയത്തിൽ ലോക്സഭയിലെ ചർച്ച പൂർത്തിയായതോടെ, കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കോൺഗ്രസ്. സഭയിൽ പ്രതിരോധ മന്ത്രി നിർമല സീതാരാമനോടു 2 ചോദ്യങ്ങൾ ഉന്നയിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അതിനുള്ള ഉത്തരം ആവശ്യപ്പെട്ടു പരസ്യമായി രംഗത്തിറങ്ങി. 2 മണിക്കൂർ പ്രസംഗിച്ചിട്ടും തന്റെ 2 നിസ്സാര ചോദ്യങ്ങൾക്ക് ഉത്തരം നൽകാതെ പ്രതിരോധ മന്ത്രി ഒളിച്ചോടിയെന്നു രാഹുൽ കുറ്റപ്പെടുത്തി.
അതിനിടെ, പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാൻ നിർമലയ്ക്കു സാധിച്ചുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയും ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ട്വിറ്ററിൽ പ്രതികരിച്ചു. സമൂഹ മാധ്യമങ്ങളിൽ രാഹുൽ ഉന്നയിച്ച ആരോപണം ഏറ്റുപിടിച്ച് വരും ദിവസങ്ങളിൽ കേന്ദ്രത്തെ കടന്നാക്രമിക്കാൻ കച്ചമുറുക്കുകയാണു കോൺഗ്രസ്. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ് കോർ കമ്മിറ്റി യോഗം ലോക്സഭാ തിരഞ്ഞെടുപ്പിൽ റഫാലിനെ മൂർച്ചയേറിയ പ്രചാരണായുധമാക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. സംയുക്ത പ്രക്ഷോഭത്തിനു മറ്റു കക്ഷികളുമായും പാർട്ടി ചർച്ച നടത്തും.
രാഹുൽ ഉന്നയിച്ച രണ്ടു ചോദ്യങ്ങൾ:
1. റഫാൽ ഇടപാടിൽ 30,000 കോടി രൂപയുടെ ഓഫ്സെറ്റ് കരാർ ലഭിച്ചവെന്നും പിന്നീടുള്ള ആജീവനാന്ത പദ്ധതികളിലൂടെ ഒരു ലക്ഷം കോടി രൂപ ലഭിക്കുമെന്നും അനിൽ അംബാനിയുടെ കമ്പനി സ്വയം അവകാശപ്പെടുന്നു. 2 മണിക്കൂർ പ്രസംഗത്തിൽ പ്രതിരോധ മന്ത്രി അദ്ദേഹത്തിന്റെ പേര് ഒരു തവണ പോലും പറഞ്ഞില്ല. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിൽ (എച്ച്എഎൽ) നിന്നു കരാർ പിടിച്ചുവാങ്ങി അനിൽ അംബാനിക്കു നൽകാനുള്ള തീരുമാനമെടുത്തത് ആര്?
2. 126 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള യുപിഎ സർക്കാരിന്റെ നീക്കം റദ്ദാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി 36 എണ്ണം വാങ്ങാൻ തീരുമാനിച്ചു. പ്രതിരോധ മന്ത്രാലയ അധികൃതർ, വ്യോമസേനാ മേധാവി എന്നിവർ കരാറിനായി 10 വർഷത്തോളം നടത്തിയ ചർച്ചകൾ മറികടന്നാണു മോദി സ്വയം തീരുമാനമെടുത്തത്. പ്രതിരോധ ചട്ടങ്ങൾ മറികടന്ന മോദിയെ ഏതെങ്കിലും ഘട്ടത്തിൽ മന്ത്രാലയം എതിർത്തോ? ഉവ്വ് അല്ലെങ്കിൽ ഇല്ല എന്നു പറയൂ.
∙ പാർലമെന്റിൽ പ്രതിരോധ മന്ത്രി 2 മണിക്കൂർ സംസാരിച്ചു. പക്ഷേ, ഞാൻ ചോദിച്ച 2 നിസ്സാര ചോദ്യങ്ങൾക്കു മറുപടി നൽകാൻ അവർക്കായില്ല. പ്രധാനമന്ത്രിയോടും മന്ത്രിമാരോടും ഓരോ ഇന്ത്യക്കാരും ആ ചോദ്യങ്ങൾ ചോദിക്കട്ടെ. – രാഹുൽ ഗാന്ധി (കോൺഗ്രസ് അധ്യക്ഷൻ).
∙ റഫാൽ ഇടപാട് സംബന്ധിച്ച അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുടെ മുനയൊടിക്കാൻ നിർമല സീതാരാമന്റെ പ്രസംഗത്തിനു സാധിച്ചു. – നരേന്ദ്ര മോദി (പ്രധാനമന്ത്രി)
∙ അഭിനന്ദനങ്ങൾ നിർമല; വ്യാജ പ്രചാരണം നിങ്ങൾ തകർത്തിരിക്കുന്നു. നിങ്ങളുടെ പ്രകടനത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു – അരുൺ ജയ്റ്റ്ലി (കേന്ദ്ര ധനമന്ത്രി)